വൈപ്പിൻ: തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎ നേതാവിന്റെ വീട്ടിലെ അത്താഴ വിരുന്നിന് മന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ളവർ പങ്കെടുത്തത് വിവാദമാകുന്നു.എൻഡിഎ വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടിൽ നടന്ന വിരുന്നിൽ തോമസ് ഐസക്കിനെ കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ഉണ്ണികൃഷ്ണനും, സിപിഎമ്മിന്റെ ഏരിയാകമ്മിറ്റിയംഗങ്ങളും പങ്കെടുത്തിരുന്നു.
രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എൻഡിപി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡന്റാണ്.മാർച്ച് 28 ന് കെഎൻ ഉണ്ണികൃഷ്ണൻ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യമറിയിച്ചത്. തോമസ് ഐസക് തിരഞ്ഞെടുപ്പുപ്രചാരണത്തിന് വൈപ്പിനിലെത്തുന്ന ദിവസമായതിനാൽ അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
വോട്ട് കച്ചവടമാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടിലെത്തിയത് എത് പാർട്ടിയിൽപ്പെട്ട നേതാവായാലും അവരെ സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രഞ്ജിത്ത് പ്രതികരിച്ചു.