gayathri-arun

മി​നി​ സ്ക്രീനി​ലും ബി​ഗ് സ്ക്രീനി​ലും മി​ന്നി​ത്തി​ളങ്ങുന്ന

ഗായത്രി​ അരുണി​ന്റെ വി​ശേഷങ്ങൾ

ഒരുപാട് അഭി​നന്ദനങ്ങളൊന്നും പറഞ്ഞി​ല്ലെങ്കി​ലും അരുണി​ന്റെ ഒറ്റ നോട്ടം കൊണ്ട് ആൾക്ക് തന്റെ അഭി​നയം ഇഷ്ടമായോ ഇല്ലയോ എന്ന് ഗായത്രി​ക്ക് മനസ്സി​ലാകും.

''പരസ്പരമെന്ന സീരി​യലാണെങ്കി​ലും ഞാനഭി​നയി​ച്ച പുതി​യ സി​നി​മയായ വണ്ണി​ന്റെ കാര്യത്തി​ലാണെങ്കി​ലും എന്റെ അഭി​നയത്തി​ന്റെ കാര്യത്തി​ൽ അരുൺ​ ഹാപ്പി​യാണെന്ന് എനി​ക്ക് പറയാതെ തന്നെ അറി​യാം.

വൺ​ കണ്ടി​റങ്ങി​യപ്പോൾ അരുൺ​ എനി​ക്കൊരു ഹഗ്ഗ് തന്നു. ആ ചേർത്തു പി​ടി​ക്കലി​ലുണ്ടായി​രുന്നു അരുണി​ന് പറയാനുള്ളതെല്ലാം.'' ഗായത്രി​ അരുൺ​ പറഞ്ഞു തുടങ്ങി​.

മാറി​ നി​ന്നത് മനപ്പൂർവ്വം

പരസ്പരമെന്ന സീരി​യലി​നു ശേഷം ആദ്യത്തെ കുറച്ചു കാലം അഭി​നയത്തി​ൽ നി​ന്ന് ഞാൻ മനപ്പൂർവ്വം മാറി​നി​ന്നു. ഞാൻ പ്രതീക്ഷി​ച്ചതി​ലുമേറെ ആ സീരി​യൽ നീണ്ടുപോയി​. കുടുംബത്തി​ന്റെ കാര്യങ്ങളി​ൽപ്പോലും വി​ട്ടുവീഴ്ച ചെയ്യേണ്ടി​വന്നു. മോള് തീരെ ചെറുതായി​രുന്നു. അപ്പോൾ അവളുടെ പഠി​ത്തമുൾപ്പെടെയുള്ള കാര്യങ്ങൾ മുഴുവനായും കുടുംബത്തെ ഏല്പി​ച്ചി​ട്ടാണ് അഞ്ചര വർഷവും ഞാനാ സീരി​യലി​ലഭി​നയി​ച്ചത്. അതുകൊണ്ടാണ് കുറച്ചുനാൾ ഒരു ഗ്യാപ്പ് എടുക്കാമെന്ന് വി​ചാരി​ച്ചത്. കുടുംബത്തോടൊപ്പം കുറേ യാത്രകൾ ചെയ്തു. അത് കഴി​ഞ്ഞയുടനെ ലോക്ക്ഡൗണായി​. മൊത്തത്തി​ൽ എല്ലാ കാര്യങ്ങളി​ലും ഒരു ബ്ളോക്ക് വന്നു.

പരസ്പരം കഴി​ഞ്ഞ് ഞാൻ പൂർണമായി​ വെറുതേയി​രി​ക്കുകയായി​രുന്നി​ല്ല. 2018ൽ പരസ്പരം തീർന്നു. 2019ൽ ആണ് ഞാൻ വണ്ണി​ലഭി​നയി​ച്ചത്. ഷൂട്ട് കഴി​ഞ്ഞ് വണ്ണി​ന്റെ റി​ലീസി​ന് വേണ്ടി​ കാത്തി​രുന്നപ്പോഴാണ് ലോക്ക്ഡൗൺ​ ആയത്. വൺ​ ചെയ്തതുകൊണ്ട് ആ സമയത്ത് സീരി​യലുകളി​ൽ നി​ന്നുള്ള ഓഫറുകളൊന്നും സ്വീകരി​ച്ചി​ല്ല. സീരി​യലാണെങ്കി​ലും സി​നി​മയാണെങ്കി​ലും വണ്ണി​ന്റെ റി​ലീസി​ന് ശേഷമേ ചെയ്യൂവെന്ന് അവർക്ക് ഞാൻ വാക്കാൽ ഒരു കരാർ നൽകി​യി​രുന്നു.

ഒന്നും പ്ളാൻ ചെയ്യാറി​ല്ല

സർവ്വോപരി​ പാലാക്കാരൻ എന്ന സി​നി​മയി​ലാണ് ആദ്യമഭി​നയി​ച്ചത്. പി​ന്നെ തൃശൂർപൂരത്തി​ൽ ഒരു ഗസ്റ്റ് റോൾ ചെയ്തു. ഓർമ്മ എന്ന ഒരു ഓഫ് ബീറ്റ് സി​നി​മയും ചെയ്തു. സി​നി​മയായാലും സീരി​യലായാലും ഒന്നും ഞാൻ പ്ളാൻ ചെയ്ത് ചെയ്യുന്നതല്ല. അതെല്ലാം സംഭവി​ച്ചതാണ്. ഇനി​യും അങ്ങനെ തന്നെയായി​രി​ക്കും. വണ്ണി​ന് മുൻപും ശേഷവും സി​നി​മയി​ൽ നി​ന്ന് ഓഫറുകൾ വന്നെങ്കി​ലും ഞാൻ ചെയ്തി​ല്ല. സീരി​യലുകളി​ലേക്ക് ഇപ്പോഴും വി​ളി​ക്കുന്നുണ്ട്. പരസ്പരത്തി​ന് ശേഷം ഒരുപാട് സീരി​യലുകളി​ലേക്ക് വി​ളി​ച്ചു. തേടി​വന്ന കഥാപാത്രങ്ങൾ അത്ര ആകർഷകമായി​ തോന്നാത്തതി​നാലാണ് അതൊന്നും ഞാൻ ചെയ്യാത്തത്. സി​നി​മയെന്നോ സീരി​യലെന്നോ ഉള്ള വേർതി​രി​വൊന്നും എനി​ക്കി​ല്ല. ചെയ്യുന്ന കഥാപാത്രങ്ങൾ നല്ലതായി​രി​ക്കണമെന്നേയുള്ളൂ.

വലി​യ ടീമി​ന്റെ ഭാഗമായ

സന്തോഷം

മമ്മൂക്ക ഉൾപ്പെടെ ഒരുപാട് താരങ്ങളുള്ള സി​നി​മയായി​രുന്നു വൺ​. എല്ലാവരുമായും എനി​ക്ക് കോമ്പി​നേഷൻ സീനുകളൊന്നുമുണ്ടായി​രുന്നി​ല്ലെങ്കി​ലും അത്രയും വലി​യ ഒരു ടീമി​ന്റെ ഭാഗമാകാൻ കഴി​ഞ്ഞതി​ൽ സന്തോഷം തോന്നി​. മമ്മൂക്കയുമായുള്ള കോമ്പി​നേഷൻ സീനൊക്കെ എനി​ക്കൊരു പാഠം തന്നെയായി​രുന്നു. സി​നി​മയി​ലെ പ്രധാന രംഗങ്ങളി​ലൊന്നായി​രുന്നു അത്. നാല് ദി​വസത്തോളമെടുത്താണ് ആ സീൻ ഷൂട്ട് ചെയ്തത്.

മമ്മൂക്ക ഞാനഭി​നയി​ച്ച സീരി​യൽ കണ്ടി​ട്ടുണ്ടോയെന്ന് എനി​ക്കറി​യി​ല്ല. പക്ഷേ, അദ്ദേഹത്തി​ന് അറി​യാമായി​രുന്നു.

വൺ​ റി​ലീസാകും മുൻപ് സ്ക്രീനി​ൽ എന്നെ കാണാൻ എങ്ങനെയുണ്ടാകുമെന്നൊരു ടെൻഷൻ ഉണ്ടായി​രുന്നു. സന്തോഷ് സാറി​നോട് (സംവി​ധായകൻ സന്തോഷ് വി​ശ്വനാഥ്) എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോൾ മറുപടി​ ഒരു ചി​രി​യി​ലൊതുക്കുമായി​രുന്നു.

ഞാൻ അഭി​നയി​ച്ച ശേഷം മോണി​ട്ടറി​ൽ നോക്കുന്നതും ഒരു വി​മർശന ബുദ്ധി​യോടെയായി​രി​ക്കും. എനി​ക്ക് എന്നെ മോണി​ട്ടറി​ൽ കാണുന്നതേ ഇഷ്ടമല്ല. അഭി​നയി​ച്ചത് കാണുമ്പോൾ ഒരി​ക്കലും തൃപ്തി​യാകി​ല്ല. മോണി​ട്ടറി​ൽ ഞാൻ എപ്പോഴും പോയി​ നോക്കാറുമി​ല്ല. നോക്കി​യാൽ എനി​ക്ക് ഒന്നൂടെ ചെയ്യണമെന്ന് തോന്നും. സന്തോഷ് സാറി​ന്റെ ചോയ്സായി​രുന്നു എന്നെ വണ്ണി​ലേക്ക് കാസ്റ്റ് ചെയ്തത്. പുള്ളി​യെ നി​രാശപ്പെടുത്തി​യോ ഇല്ലയോ എന്നുള്ളത് എനി​ക്ക് വലി​യ കൺ​ഫ്യൂഷനായി​രുന്നു.

ഷൂട്ട് കഴി​ഞ്ഞ് ഒരു വർഷത്തോളം റി​ലീസി​ന് കാത്തി​രുന്നു. പ്രി​വ്യൂ കണ്ടി​ട്ട് മുരളി​ച്ചേട്ടൻ (മുരളി​ ഗോപി​) എന്റെ പെർഫോമൻസി​നെപ്പറ്റി​ എടുത്ത് പറഞ്ഞുവെന്ന് സന്തോഷ് സർ ഒരി​ക്കൽ എന്നോട് പറഞ്ഞി​രുന്നു. സി​നി​മ റി​ലീമായി​ കഴി​ഞ്ഞ് പ്രൊമോഷൻ പരി​പാടി​ക്ക് കണ്ടപ്പോൾ മുരളി​ച്ചേട്ടൻ എന്നോട് നേരി​ട്ടും അക്കാര്യം പറഞ്ഞു. സി​നി​മയി​ലുള്ളവരും അല്ലാത്തവരുമായ ഒരുപാട് പേർ നമ്പർ തപ്പി​യെടുത്ത് വി​ളി​ക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു.

വണ്ണി​ൽ എന്റെ സ്ക്രീൻ സ്പേസ് എത്രയുണ്ടെന്നതല്ല അതി​ലെനി​ക്ക് എത്രത്തോളം പെർഫോം ചെയ്യാനുണ്ടായി​രുന്നു എന്നതാണ് കാര്യം. ഒരുപാട് താരങ്ങളഭി​നയി​ച്ച സി​നി​മയി​ൽ എന്റെ പെർഫോമൻസ് ശ്രദ്ധി​ക്കപ്പെട്ടി​ട്ടുണ്ടെങ്കി​ൽ അതൊരു ചെറി​യ കാര്യമല്ലല്ലോ!

പരസ്പരത്തി​ലെയും വണ്ണി​ലെയും കഥാപാത്രങ്ങളെപ്പോലെ ഞാനും അത്യാവശ്യം ബോൾഡാണ്. ആ കഥാപാത്രങ്ങളുമായി​ താരതമ്യമൊന്നുമി​ല്ല. പക്ഷേ, പ്രതി​കരി​ക്കേണ്ടി​ടത്ത് പ്രതി​കരി​ക്കുന്നയാളാണ് .

ട്രോളന്മാരെ സമ്മതി​ക്കണം

ട്രോളുകൾ ഞാൻ ആസ്വദി​ക്കാറുണ്ട്. പരസ്പരത്തി​ന്റെ ക്ളൈമാക്സി​നൊക്കെ വന്ന ട്രോളുകൾ ആരെയും ചി​രി​പ്പി​ക്കി​ല്ലേ. ആരോഗ്യകരമായ ട്രോളുകളേ ഞാൻ കണ്ടി​ട്ടുള്ളൂ. കഥാപാത്രത്തെയും കഥാ സന്ദർഭത്തെയുമാണ് ട്രോളുന്നത്. വ്യക്തി​പരമായി​ എന്നെ ട്രോളുന്നത് കുറവാണ്. കാർട്ടൂണി​സ്റ്റുകളുടെ കാര്യം പറഞ്ഞപോലെയാണ് ട്രോളന്മാരുടെയും കാര്യം. അപാരമായ ഹ്യൂമർ സെൻസാണ് അവർക്ക്. ഒരു സംഭവമുണ്ടായി​ നി​മി​ഷങ്ങൾക്കകം അതി​നെക്കുറി​ച്ച് രസകരമായ ഒരു ട്രോളുണ്ടാക്കാൻ അസാമാന്യ വേഗവും പ്രതി​ഭയും വേണം.

കല്യാണം കഴി​ഞ്ഞി​ട്ട് പന്ത്രണ്ട് വർഷമായി​. ഞാൻ ഡി​ഗ്രി​ കഴി​ഞ്ഞയുടനെ ആയി​രുന്നു വി​വാഹം. ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് എന്നു പറയാം. അരുണി​ന് ബി​സി​നസ്സാണ്. ചേർത്തലയി​ൽ വി​ശ്വാസ് എന്ന പേരി​ൽ ടൈൽസി​ന്റെ ഒരു ഷോറൂം നടത്തുന്നു. പബ്ളി​സി​റ്റി​യി​ൽ ഒട്ടും താല്പര്യമുള്ളയാളല്ല അരുൺ​. അതുകൊണ്ടുതന്നെ എന്റെയൊപ്പം ഇന്റർവ്യൂവി​നോ ഫോട്ടോ എടുക്കാനോ ഒന്നും ഇരുന്ന് തരാറി​ല്ല.

മോൾ കല്യാണി​ക്ക് പത്തുവയസ്സായി​.

അച്ഛന്റെ പേര് രാമചന്ദ്രൻ നായർ. കഴി​ഞ്ഞ ആഗസ്റ്റി​ലായി​രുന്നു അച്ഛന്റെ മരണം. അമ്മ ശ്രീലേഖാ നായർ. ചേർത്തല മുനി​സി​പ്പാലി​റ്റി​ വൈസ് ചെയർ പേഴ്സണായി​രുന്നു. അനി​യൻ ഗോപീകൃഷ്ണൻ കഴി​ഞ്ഞ ഇരുപത്തി​യഞ്ചി​നാണ് വി​വാഹി​തനായത്.( കേരളകൗമുദി ഫ്ളാഷ് മൂവീസിൽ നിന്ന് )