thiruvanchoor

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക്. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം ബി വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് പതിനാറാം തീയതി വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പതിനാറാം തീയതിക്ക് ശേഷമായിരിക്കും സന്ദർശനം.

സംസ്ഥാന സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുമായും മറ്റു നേതാക്കളുമായും ഹൈക്കമാൻഡ് നിരീക്ഷകർ ചര്‍ച്ച നടത്തും. ഐ ഗ്രൂപ്പിൽ നിന്ന് പന്ത്രണ്ട് പേരും എ ഗ്രൂപ്പിൽ നിന്ന് പത്ത് പേരുമാണ് നിയമസഭയിലേക്ക് ജയിച്ചുവന്നിരിക്കുന്നത്. ഐ ഗ്രൂപ്പിൽ നിന്നും വി ഡി സതീശനുന്‍റേയും എ ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റേയും പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടുന്നത്.

നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന മൂന്നംഗ സമിതി തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. ഇതെല്ലാം പരിഗണിച്ചാകും കേരളത്തിലെ പാര്‍ട്ടിയില്‍ പുനഃസംഘടന നടത്തുക. നേതൃമാറ്റം പതിയെ മതിയെന്നാണ് നിലവിലെ ധാരണ.