sydney

സിഡ്‌നി: കൊവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെ കൊവിഡ് നിയന്ത്രണങ്ങൾ പുനസ്ഥാപിച്ച് സർക്കാർ. കൊവി‌ഡ് രോഗബാധിതരുമായി ബന്ധമുള‌ള മറ്റ് ചിലരെ കൂടി കണ്ടെത്താനുള‌ളതിനാലാണ് ഈ നടപടി.

തുറന്നയിടങ്ങളിലും അടച്ചിട്ടയിടങ്ങളിലുമുള‌ള ഒത്തുചേരലുകൾക്ക് മാസ്‌ക് നിർബന്ധമാക്കി. വർഷാവർഷമുളള മാതൃദിന ആഘോഷങ്ങൾക്ക് ഒത്തുചേരാവുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെ വരെയാണ് ഈ നിയന്ത്രണങ്ങൾ. ഓസ്‌ട്രേലിയയിൽ ഏ‌റ്റവുമധികം ആളുകൾ താമസിക്കുന്ന മെട്രോപൊളി‌റ്റൻ നഗരമാണ് സിഡ്‌നി. 53 ലക്ഷം താമസക്കാർ ഇവിടെയുണ്ടെന്നാണ് കണക്ക്.

സിഡ്‌നിക്ക് തൊട്ടടുത്ത പ്രദേശങ്ങളിലും ഈ നിയന്ത്രണങ്ങളുണ്ട്. ഇവിടെ ഒരു 50 വയസുകാരനിൽ നിന്ന് കൊവിഡിന്റെ ഇന്ത്യൻ വകഭേദം അയാളുടെ ഭാര്യയിലേക്ക് പകർന്നതോടെയാണ് അധികാരികൾ കർക്കശമായി കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

ഏകദേശം ഒരു മാസം മുൻപ് പുറമേയുള‌ളവരുമായി കാര്യമായ സമ്പർക്കമില്ലാത്ത ഒരാളിൽ ഇന്ത്യൻ വകഭേഗമായ കൊവിഡ് രോഗാണുവിനെ കണ്ടെത്തിയതോടെയാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വകഭേദമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ആദ്യം പടർത്തിയയാളെ കണ്ടെത്താൻ ശ്രമമാരംഭിച്ചു. ആദ്യമായി രോഗം സ്ഥിരീകരിച്ചയാൾക്ക് മ‌റ്റ് രോഗികളെക്കാൾ കൂടുതൽ വൈറൽ ലോഡ് ഉണ്ടായതാണ് ഇന്ത്യൻ വകഭേദമാണെന്ന് കണ്ടെത്താൻ കാരണമായത്.

ഈ പ്രദേശങ്ങളിലുള‌ളവരെ അധികൃതർ വ്യാപക പരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്.അതിവേഗം നടക്കുന്ന പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തി ക്വാറന്റൈനിലാക്കാനാണ് അധികൃതരുടെ ശ്രമം. ഓസ്‌ട്രേലിയയിൽ 29,865 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 910 പേർ രോഗം ബാധിച്ച് മരണമടഞ്ഞു.

ഇന്ത്യയിലെ രോഗവ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നുമുള‌ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഓസ്‌ട്രേലിയ.