
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്ന സംഭവങ്ങളിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ഓക്‌സിജന് 45,000 രൂപ ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിംഗിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയത്.
ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്‌ചയ്‌ക്ക് മുൻപ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിനെ സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും തിങ്കളാഴ്‌ച റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അസാധാരണമായ നടപടികൾ വേണ്ടിവരുമെന്നും കോടതി പറഞ്ഞു
സ്വകാര്യ ആശുപത്രികളിൽ നിരക്ക് നിശ്ചയിക്കാൻ നടന്ന ചർച്ചകളിൽ തീരുമാനമായില്ലെന്നും മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാമെന്നും സർക്കാർ അറിയിച്ചപ്പോഴാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. നോൺ എം പാനൽ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. മാറ്റിവച്ചതായി സർക്കാർ അറിയിച്ചു.
ഓക്‌സിജനും ബെഡും ലഭിക്കുന്നതിന് വിവരങ്ങൾ സാധാരണക്കാർ അറിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വെബ്‌സൈറ്റിൽ ഈ വിവരങ്ങളുണ്ടെന്ന് സർക്കാർ മറുപടി നൽകി. ഈ വിവരങ്ങൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ ഉണ്ടെങ്കിൽ നല്ലതാണെന്ന് കോടതി അറിയിച്ചു.
സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റുകൾ ഉപയോഗിക്കാത്തതിന് കൂടി തുക ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കരുതെന്നും നിർദ്ദേശം കോടതി നൽകി. പത്തെണ്ണം ഉപയോഗിച്ച ശേഷം നൂറെണ്ണങ്ങളുടെ തുക ഈടാക്കരുത്. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകാമെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു.
ആന്ധ്രാ സർക്കാർ സ്വീകരിച്ച നടപടി പോലെ എല്ലാ ആശുപത്രികളിലെയും 50 ശതമാനം ബെഡുകൾ സർക്കാർ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. മാത്രമല്ല സർക്കാർ നിർദ്ദേശിച്ച നിരക്കിലായിരിക്കണം ലാബ് പരിശോധനാ നിരക്കുകളെന്നും കേസ് തിങ്കളാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.