
ഭക്ഷണക്രമത്തിലെ ആദ്യ പാഠം വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക എന്നതാണ്. വിശപ്പില്ലായ്മ ആരോഗ്യ പ്രശ്നമാണ്. ഒരു നേരത്തെ ഭക്ഷണം ദഹിക്കാനും ശരീരത്തിൽ ആഗിരണം ചെയ്യാനും ബാക്കി പുറത്തുകളയാനും 18 മണിക്കൂർ വേണം. ആമാശയത്തിലും ചെറുകുടലിലും വൻകുടലിലുമായിട്ടാണ് ഈ സമയം ഭക്ഷണം കടന്നുപോവുക. കുടലുകൾ തുടർച്ചയായി പ്രവർത്തിച്ചാൽ ദഹനക്കേടുണ്ടാകും. പുളിച്ചു തികട്ടൽ, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് ഇതു കാരണമുണ്ടാകാം. 
അതു കൊണ്ടാണ് കൃത്യമായ ഇടവേളകളിൽ വേണം ഭക്ഷണം കഴിക്കാൻ എന്നു പറയുന്നത്. എല്ലാ ദിവസവും കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം, പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. വയർ നിറയുന്നതു വരെ ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. വളരെ വേഗത്തിൽ കഴിക്കുന്നതും ആരോഗ്യകരമല്ല. കൊഴുപ്പുള്ള ഭക്ഷണസാധനങ്ങൾ പാടെ ഉപേക്ഷിക്കുക, വേവിച്ച പച്ചക്കറി മാത്രം മതി, അരിയാഹാരം കഴിക്കരുത്, ഒരാഴ്ച പഴങ്ങൾ മാത്രം കഴിക്കുക തുടങ്ങി പല ഉപദേശങ്ങളും ഡയറ്റിംഗ് തുടങ്ങുമ്പോൾ നമ്മൾ കേൾക്കാറുണ്ട്. 
ഒടുവിൽ ശരീരത്തിനാവശ്യമായ കാത്സ്യം, പ്രോട്ടീൻ എന്നിവ ലഭിക്കാതെ പ്രശ്നം ഗുരുതരമാകും. മുടികൊഴിച്ചിൽ, എല്ലുകൾക്ക് ബലക്ഷയം തുടങ്ങിയവ പിടിമുറുക്കുകയും ചെയ്യും. പ്രോട്ടീൻ ശരിയായ അളവിൽ ലഭിച്ചില്ലെങ്കിൽ വൃക്ക രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്. അതോടെ വൈറ്റമിൻ ടാബ്ലറ്റുകൾ ഒഴിവാക്കാൻ പറ്റാതെയാകും. എന്നാൽ സമീകൃതാഹാരം കഴിച്ച് ആവശ്യത്തിന് വ്യായാമവും ചെയ്യുന്നതാണ് ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും നല്ലത്.
ബീഫ്, പന്നിയിറച്ചി, എണ്ണ തുടങ്ങിയവയിലൊക്കെ ശരീരത്തിന് ദോഷകരമായ ചീത്ത കൊഴുപ്പാണ് കൂടുതൽ. 
ഇവയ്ക്കു പകരം നല്ല മത്തി, അയല തുടങ്ങിയ മൽസ്യങ്ങൾ കറിവെച്ചു കഴിക്കാം. ഒലിവ് എണ്ണയിലും ഒമേഗ ത്രീഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നല്ല കൊഴുപ്പുകൾ ശരീരത്തിന്റെ കുറഞ്ഞ തൂക്കം നിലനിർത്താൻ സഹായിക്കുന്നു. ചിക്കൻ കഴിക്കാമെങ്കിലും ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നതാണ് നല്ലത്. അതും തൊലി നീക്കം ചെയ്ത ചിക്കൻ കറിവച്ചു കഴിക്കുക.
ചായ, കാപ്പി പൂർണമായും ഒഴിവാക്കാൻ കഴിയാത്തവർ മധുരം ചേർക്കാത്ത ഇവ കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും ആറു മുതൽ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കണം. ചൂടുകാലത്തും കൂടുതൽ അദ്ധ്വാനിക്കുമ്പോഴും അധികമായി വെള്ളം കുടിക്കണം. ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുക. അമിതമായി കഴിക്കാതിരിക്കാൻ സാധിക്കും. പ്രാതൽ നന്നായി കഴിക്കുക. ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമാകണം. ആഹാരം സമയത്ത് കഴിക്കണം. 4-5 മണിക്കൂറിനിടയിൽ ഭക്ഷണം കഴിച്ചിരിക്കണം. അധികം വിശന്നിട്ടു കഴിച്ചാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടും. ബേക്കറി പദാർത്ഥങ്ങൾ കുറയ്ക്കുക. ഇവയിൽ കാലറി വളരെ അധികമാണ്.