ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും കുറച്ച് നാളുകൾക്ക് ശേഷം പൂർണ്ണമായി ശമിക്കുകയും ചെയ്യുന്നതാണ്. എന്നാൽ വലിയൊരു വിഭാഗം രോഗികളിൽ അത് ആവർത്തിക്കും. ചിലപ്പോൾ ഓരോവർഷവും. ചിലരിൽ ഏതാനും വർഷങ്ങളിലെ ഇടവേളക്കുശേഷം മാത്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിഷാദത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. എല്ലാ പ്രാവശ്യവും വിഷാദ ലക്ഷണങ്ങളാണ് രോഗിക്കുണ്ടാകുന്നതെങ്കിൽ അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു. എന്നാൽ, മറ്റൊരു വിഭാഗം രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും.
ഇതിനെ ദ്വിമുഖ വിഷാദം എന്നുപറയുന്നു. രോഗിക്ക് വിഷാദഘട്ടങ്ങൾ മാത്രമാണ് ആവർത്തിച്ചുണ്ടാകുന്നതെങ്കിലും രോഗിയുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഉന്മാദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെയും ദ്വിമുഖ വിഷാദം ആയാണ് കരുതുന്നത്. രോഗിയെ ബാധിച്ചിരിക്കുന്നത് ഏതാണെന്ന് തിരിച്ചറിയുക എന്നത് ചികിത്സയെയും രോഗപ്രതിരോധത്തെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.