ന്യൂഡൽഹി: ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായി റിലയൻസ് രംഗത്തെത്തുന്നു. ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടൻ ഇന്ത്യയിലെത്തുമെന്നാണ് വിവരം.
അഞ്ച് കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കൊവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95 ശതമാനം സൂക്ഷ്‌മതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യുമെന്നാണ് അവകാശവാദം.
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇസ്രായേൽ താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനി പ്രതിനിധികൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി ലഭിച്ചെന്നാണ് റിലയൻസ് അധികൃതർ പറയുന്നത്.
പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറിയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ റിലയൻസ് നടത്തുന്ന ഈ കാൽവയ്‌പ്പ് രാജ്യത്തിന് ആശ്വാസമാകുമെന്നാണ് അധികൃതർ പറയുന്നത്.