കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനത്തിന് ഇരുട്ടടിയായി ഇന്ധനവിലയും കുതിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടർച്ചയായ മൂന്നാംദിനവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില ലിറ്ററിന് 23 പൈസ വർദ്ധിച്ച് 92.97 രൂപയായി. 30 പൈസ ഉയർന്ന് 87.57 രൂപയാണ് ഡീസൽ വില. മൂന്നു ദിവസത്തിനിടെ പെട്രോളിന് കൂടിയത് 69 പൈസയാണ്; ഡീസലിന് 82 പൈസയും.
നഷ്‌ടം നികത്താൻ
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്‌കരണം നിറുത്തിവച്ചിരുന്നു. ഇക്കാലത്ത് ലിറ്ററിന് മൂന്നു രൂപവരെ നഷ്‌ടമുണ്ടായത്രേ. ഇതു നികത്താൻ കൂടിയാണ് തുടർച്ചയായ വില കൂട്ടൽ.
വില കുതിച്ചേക്കും
അവസാനമായി എണ്ണക്കമ്പനികൾ വില കുറച്ചത് ഏപ്രിൽ 15നാണ്. അന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും കുറച്ചു. അന്ന്, ഇന്ത്യയുടെ ബ്രെന്റ് ക്രൂഡ് വാങ്ങൽ വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 63 ഡോളർ ആയിരുന്നു. ഇപ്പോൾ 66.63 ഡോളറാണ്. കൊവിഡ് വ്യാപനം കുറഞ്ഞെന്ന് കാട്ടി അമേരിക്കയും യൂറോപ്പും നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിട്ടുണ്ട്. ഇത്, ക്രൂഡോയിലിന്റെ ഡിമാൻഡ് ഉയർത്തും. വില വൈകാതെ 70 ഡോളർ കടന്നേക്കും. ഇന്ത്യയിൽ വില കൂടാൻ ഇതിടയാക്കിയേക്കും.