ഭോപ്പാൽ: തുടർച്ചയായി മൂന്നാം തവണ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ വാനോളം പുകഴ്ത്തി കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. മമത ഇന്ത്യയുടെ നേതാവാണിന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവവരെ കീഴ്പെടുത്തിക്കൊണ്ടാണ് മമത വീണ്ടും ബംഗാളിൽ ജയം നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണമായ തിരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തിലൂടെയാണ് മമത അധികാരം പിടിച്ചത്. മോദിയും കേന്ദ്ര സർക്കാരും സിബിഐയും ഇഡിയും ആദായനികുതി വകുപ്പിനെയും ഒരുമിച്ചാണ് മമതയ്ക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും അവരെയെല്ലാം ചവിട്ടിതെറുപ്പിക്കാൻ അവർക്ക് കഴിഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജി മോദിക്കെതിരെ മത്സരിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2024ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനായി മമത മോദിയെ നേരിടുമോ എന്ന ചോദ്യത്തിന്, തനിക് അക്കാര്യം അറിയില്ലയെന്നും യുപിഎ സഖ്യമാണ് അത് സംബന്ധിച്ചുള്ള തീരുമാനമെടുക്കേണ്ടതെന്നും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ മുഖം ആരാകണമെന്ന് യുപിഎ സഖ്യം അനുയോജ്യമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ബംഗാളിൽ നടക്കുന്ന സംഘർഷങ്ങളെ കുറിച്ചുള്ള ബിജെപി ആരോപണങ്ങളോടുള്ള പ്രതികരണമായി, ഹിംസാത്മകമായ മാർഗങ്ങൾ സ്വീകരിക്കുന്നത് തെറ്റാണെന്നും കമൽനാഥ് പ്രതികരിച്ചു. ബംഗാളിലെ സാഹചര്യത്തെ കുറിച്ച് മമത ബാനർജിയുമായി താൻ സംസാരിച്ചിരുന്നു എന്നും എല്ലാവരും അക്രമപ്രവർത്തനങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്ന് താൻ അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ബംഗാളിൽ തുടർച്ചയായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
content details: congress leader kamal nath on mamatas chances of defeating modi in 2024 general elections.