mar-chrysostom

തിരുവല്ല: ചിരിയും ചിന്തയും നിറഞ്ഞ സംഭാഷണങ്ങളിലൂടെയും നിരാലംബർക്കു വേണ്ടിയുള്ള ജീവിതസമർപ്പണത്തിലൂടെയും വലിയ ഇടയനായി മാറിയ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ഭൗതികശരീരം അന്ത്യശുശ്രൂഷകൾക്കുശേഷം സർക്കാരിന്റെ പൂർണ ബഹുമതികളോടെ കബറടക്കി. സെന്റ് തോമസ് മാർത്തോമ്മാ പള്ളിക്കു സമീപം, ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് ഇന്നലെ വൈകിട്ട് 5ന് കബറടക്കിയത്.

കബറടക്ക ശുശ്രൂഷയുടെ മൂന്നാം ഭാഗത്തോടെയാണ് രാവിലെ പ്രാർത്ഥന ആരംഭിച്ചത്. ശുശ്രൂഷകൾക്ക് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. നാലാംഭാഗം വൈകിട്ട് മൂന്നിന് തുടങ്ങി. ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ മദ്ബഹയിൽ വച്ചിരുന്ന ഭൗതികശരീരവും വഹിച്ചുകൊണ്ട് എസ്.സി കുന്നിലൂടെ നഗരികാണിക്കൽ ചടങ്ങും നടന്നു. സഭാകൗൺസിലംഗം ഡോ.ജോൺ എബ്രഹാം മരക്കുരിശുമേന്തി മുന്നിൽ നീങ്ങി. വൈദികരും ബന്ധുക്കളും മേൽപ്പട്ടക്കാരും സഭാദ്ധ്യക്ഷനും വിശ്വാസികളും അനുഗമിച്ചു.

കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, മെത്രാപ്പൊലീത്തമാരായ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സാമുവൽ മാർ ഐറേനിയോസ്, ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ആത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു. തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ച തിരുമേനിയുടെ ഭൗതീകശരീരത്തിൽ ആയിരങ്ങളാണ് രണ്ടുദിവസങ്ങളിലായി അന്ത്യാഞ്ജലി അർപ്പിച്ചത്. ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.