നിരവധി തവണ ജനിതക മാറ്റം സംഭവിച്ച കൊവിഡ്-19 വൈറസ് ലോകത്തെയാകെ മരണഭീതിയിലും ആശങ്കയിലുമമർത്തുമ്പോൾ രോഗത്തിന്റെ പ്രഥമ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവിശ്യയിലെ വുഹാൻ ആഘോഷത്തിമിർപ്പിലാണ്. മെയ്ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വുഹാൻ സ്ട്രോബെറി സംഗീതോത്സവത്തിലാണ് ഇവിടുത്തെ ജനങ്ങൾ സംഗീതവും നൃത്തവുമൊക്കെയായി ആടിത്തിമിർത്തത്.
മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണിത്. കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈൻ വഴിയായിരുന്നു നടത്തിയത്. ഇത്തവണയും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു എന്നാണ് അധികൃതർ പറയുന്നതെങ്കിലും കൊവിഡിന്റെ കാര്യമെല്ലാം മറന്നുകൊണ്ടെന്ന മട്ടിൽ ജനങ്ങൾ സംഗീതോത്സവം ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഏകദേശം 11,000 പേരാണ് ആഘോഷത്തിൽ പങ്കെടുത്തതെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഈ ഉത്സവം വുഹാനിലെ ഗാർഡൻ എക്സ്പോ പാർക്കിലാണ് നടന്നത്. വുഹാൻ നഗരം ഇപ്പോൾ കൊവിഡ് മുക്തമാണെന്നും അധികൃതർ പറയുന്നുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങളും ലോക്ഡൗണും കൊണ്ടാണ് വൈറസിനെ ഓടിക്കാന്‍ കഴിഞ്ഞതെന്ന് അവർ അറിയിക്കുന്നു.
ഇപ്പോള്‍ ഇടയ്ക്ക് ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ പൊതുവെ വുഹാനിൽ രോഗവ്യാപനമില്ലെന്നാണ് വിവരം. 2019 ഡിസംബറിലാണ് രോഗത്തിന്റെ ചൈനയിലെ വുഹാനിൽ ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇത് പിന്നീട് ഇന്ത്യയുൾപ്പെടെയുള്ള രോഗരാജ്യങ്ങളിലേക്ക് പടരുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം ഇന്ത്യയാണ്.
content details: people in chinas wuhan celebrate strawberry music festival amid covid.