ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്പത്തിക തട്ടിപ്പ് കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ആലപ്പുഴ ഡി വൈ എസ്‍ പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സിനിമ നിർമ്മിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ മേനോൻ ഈ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. എന്നാൽ സിനിമ നിർമ്മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നാണ് പരാതി.
കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റുണ്ടായത്. പൊലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്‌തു വരികയാണെന്നാണ് വിവരം.