stalin

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്‌റ്റാലിൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേർ പുതുമുഖങ്ങളാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

പ്രതിപക്ഷ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനം. തമിഴ്‌നാട്ടിൽ 158 സീറ്റുകൾ നേടിയാണ് ഡി എം കെ അധികാരത്തിലേറിയത്. അണ്ണാ ഡി എം കെ 76 സീറ്റുകൾ മാത്രമാണ് നേടിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡി എം കെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ഡി എം കെ ഭരണം പിടിച്ചെടുത്തത്.

പുതുച്ചേരിയിൽ എന്‍ ഡി എ മന്ത്രിസഭയും ഇന്ന് അധികാരമേൽക്കും. എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.