unni-menon

തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോന്‍റെ ലോഗോ മ്യൂസിക് റിലീസ് ചെയ്‌തു. സംഗീത ഇതിഹാസം എ.ആർ.റഹ്മാന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ മ്യൂസിക് പുറത്തിറക്കിയത്. എൺപതുകളിൽ തുടങ്ങി ഇന്നോളം പല ഭാഷകളിലായി ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഉണ്ണിമേനോൻ തന്‍റെ ഗുരുക്കന്മാർക്കുള്ള ആദരമായാണ് അതിമനോഹരമായ സംഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഒരു മിനിറ്റോളം ദൈർഘ്യമുള്ള ഈ മ്യൂസിക് വീഡിയോ സംഗീതം നൽകിയിരിക്കുന്നത് ഉണ്ണിമേനോൻ തന്നെയാണ്. ലോഗോ രൂപകൽപ്പനയും, ദൃശ്യാവിഷ്‌കാരവും നിർവഹിച്ചിരിക്കുന്നത് ബംഗളൂരുവിലെ ബ്ലിസ്റൂട്ട്‌സ് മീഡിയ കമ്പനിയാണ്. മേയ് ഒന്നിന് റിലീസ് ചെയ്‌ത ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു.

എ ആർ റഹ്മാൻ ഉണ്ണിമേനോന്‍റെ ജീവിത്തിലെ നിർണായ സാന്നിദ്ധ്യമാണ്. അതുകൊണ്ട് തന്നെയാണ് ലോഗോ മ്യൂസിക്ക് പ്രകാശനവും അദ്ദേഹം നിർവഹിച്ചത്. ഗായകനായ ഉണ്ണിമേനോന്‍റെ ജീവിതത്തിലെ നിർണയാക വഴിത്തിരിവ് മണിരത്നത്തിന്‍റെ 1992ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ ആർ. റഹ്മാൻ സംഗീതം നൽകിയ 'പുതു വെള്ളൈ മഴൈ...' എന്ന ഗാനമായിരുന്നു. തുടർന്ന് എ ആർ റഹ്മാന് വേണ്ടി 26 ഹിറ്റ് സിനിമാ ഗാനങ്ങൾ ഉണ്ണിമേനോൻ പാടിയിട്ടുണ്ട്. ഇതോടെ ഉണ്ണിമേനോന്‍റെ ഗ്രാഫ് ഉയർന്നു.

മലയാളത്തിലും തമിഴിലും ഉൾപ്പടെ നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 2003ൽ 'സ്ഥിതി' എന്ന ചിത്രത്തിൽ സംഗീതം നൽകുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ
ഒരു ചെമ്പനീർ പൂവിറുത്തു ഞാൻ ഓമലേ എന്ന ഗാനമാണ് മലയാളിയുടെ മനസിൽ ഉണ്ണിമേനോനെ പ്രതിഷ്ഠിച്ചത്.

മികച്ച പിന്നണിഗായകനുള്ള തമിഴ്‌നാട് സംസ്ഥാന സർക്കാരിന്‍റെ 2002ലെ പുരസ്‌കാരം 'വർഷമെല്ലാം വസന്തം' എന്ന ചിത്രത്തിലെ ഗാനത്തിനും 1996 ലെ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്‍റെ മികച്ച ഗായകനുള്ള പുരസ്‌കാരം മിൻസാര കനവ് എന്ന ചിത്രത്തിലെ ഗാനത്തിനും ഉണ്ണിമേനോനെ തേടിയെത്തി.