sudhakaran

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് സന്ദേശ പ്രവാഹം. കെ സുധാകരനും വി ഡി സതീശനും വേണ്ടി എ ഐ സി സിയിലേക്ക് നിരവധി മെയിലുകളാണ് എത്തുന്നത്. കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനും വി ഡി സതീശനെ പ്രതിപക്ഷനേതാവുമാക്കണമെന്നാണ് പ്രധാന ആവശ്യം.

കെ സുധാകരനും വി ഡി സതീശനും വേണ്ടി ആയിരക്കണക്കിന് ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നു എന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്‍ബോക്‌സ് നിറഞ്ഞു കവിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇവർ പറയുന്നു. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരേയും കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെതിരേയും പരാതികൾ പ്രവഹിക്കുകയാണ്.

ഗ്രൂപ്പുകള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നും ഗ്രൂപ്പ് മാനേജര്‍മാരാണ് കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും ചിലര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സന്ദേശങ്ങൾ. ഇതിനിടെയാണ് സംസ്ഥാനത്തേക്ക് ലോക്ക്‌ഡൗണിന് ശേഷം ഹൈക്കമാൻഡ് നിരീക്ഷകർ എത്തുന്നത്.