തിരുവനന്തപുരം: കൊവിഡിന്റെ അതിരൂക്ഷമായ വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ സാമ്പത്തിക,വ്യാവസായിക രംഗങ്ങൾ എല്ലാം പ്രതിസന്ധിയിലായിരുന്നു. കൊവിഡ് വ്യാപിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോഴും അതിന്റെ അലയൊലികൾ മാറിയിട്ടില്ല. പോരാത്തതിന് അതിശക്തമായി രണ്ടാം തരംഗം വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് വസ്ത്ര വ്യാപാര രംഗമാണ്. ഇപ്പോഴും ആ പ്രതിസന്ധിയിൽ നിന്ന് ഈ മേഖല കരകയറിയിട്ടില്ല.
പൂട്ടിയത് 88 വസ്ത്രശാലകൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ ജില്ലയിൽ പൂട്ട് വീണത് 88 വസ്ത്രശാലകൾക്കാണ്. വൻ വസ്ത്രശാലകൾ ജില്ല കൈയടക്കിയതോടെ ചെറുകിട വസ്ത്രശാലകൾ കടക്കെണിയിലേക്ക് കൂപ്പുകുത്തി. പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെടാനായില്ല.
രണ്ടാം ലോക്ക് ഡൗണിൽ വാടിയ സ്വപ്നങ്ങൾ
കൊവിഡിന്റെ കെടുതിയിലാണെങ്കിലും സ്കൂൾ തുറക്കലും പെരുന്നാളും ഒക്കെ കണക്കിലെടുത്ത് ചെറുകിട വസ്ത്ര വ്യാപാരശാലകൾ ധാരാളം സ്റ്രോക്ക് ശേഖരിച്ചിരുന്നു. 13ന് റംസാൻ ആഘോഷിക്കാനിരിക്കെയാണ് ഇടിത്തീ പോലെ രണ്ടാമത്തെ ലോക്ക് ഡൗൺ സർക്കാർ പ്രഖ്യാപിച്ചത്. റംസാൻ ആഘോഷം പ്രമാണിച്ച് കച്ചവടത്തിനായി വായ്‌പ എടുത്തും കടം വാങ്ങിയും ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് ചെറുകിട വസ്ത്ര വ്യാപാരികൾ എടുത്തുവച്ചത്. ഇനിയിപ്പോൾ അവ വിറ്റഴിക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് അവർക്കു മുന്നിൽ ഉയരുന്നത്.
സീസണിൽ വിറ്റുപോകേണ്ട വസ്ത്രങ്ങൾ പിന്നീട് വിറ്റഴിക്കാൻ കഴിയില്ലെന്നതാണ് ഇവരെ അലോസരപ്പെടുത്തുന്നത്. സീസണിൽ വസ്ത്രങ്ങൾ വിറ്റഴിഞ്ഞില്ലെങ്കിൽ അവ ഔട്ട് ഒഫ് ഫാഷനാവുകയും ചെയ്യും. കടകൾ തുറക്കാൻ അനുമതിയില്ലാതെ വന്നതോടെ ഭീമമായ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. കടമായും വായ്പയായും എടുത്ത തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന വ്യാധി ഇവരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു.
ഒന്നാമത്തെ ലോക്ക് ഡൗണിന്റെ ദുരിതത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് രണ്ടാം ലോക് ഡൗൺ സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിയന്ത്രണങ്ങളിൽ അവശ്യസാധനങ്ങളുടെ പട്ടികയിൽ പെടുത്തി സൂപ്പർ മാർക്കറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ചെറുകിട കച്ചവടക്കാർക്ക് തിരിച്ചടി ആയിട്ടുണ്ട്. ഇത്തരം സൂപ്പർമാർക്കറ്റുകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വസ്ത്രശാലകൾ ഇതിന്റെ മറവിൽ തുറന്ന് പ്രവർത്തിപ്പിക്കുകയും ചെയ്തു. ഇതും ചെറുകിട വസ്ത്ര വ്യാപാരികൾക്ക് തിരിച്ചടിയായി.
സർക്കാർ കനിയണം
വസ്ത്ര വ്യാപാരികളടക്കമുള്ള ചെറുകിട കച്ചവടക്കാരുടെ കാര്യത്തിൽ സർക്കാർ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്നാണ് കേരള ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷന് പറയാനുള്ളത്. നിയന്ത്രണങ്ങളും ലോക്ക് ഡൗണും നടപ്പാക്കുമ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വൈദ്യുതി, വാടക, ബാങ്ക് വായ്‌പ, നികുതി തുടങ്ങിയ ഇനത്തിൽ ഇളവുകൾ നൽകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.