
ഇന്നോ നാളെയോ ഭൗമാന്തരീക്ഷത്തിൽ കടക്കും
ന്യൂഡൽഹി:വിക്ഷേപണത്തിനിടെ അജ്ഞാത കാരണങ്ങളാൽ ഭ്രമണപഥത്തിൽ കടന്ന ചൈനീസ് റോക്കറ്റിന്റെ ഒന്നാംഘട്ടം, നിയന്ത്രണം വിട്ട കൂറ്റൻ ബഹിരാകാശ മാലിന്യമായി ഭൂമിക്ക് നേരെ പാഞ്ഞു വരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീതി പരത്തുന്നു. 30 മീറ്റർ നീളവും അഞ്ച് മീറ്റർ വ്യാസവും 21 ടൺ ഭാരവുമുള്ള അവശിഷ്ടം ഇന്നോ നാളെയോ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഇതിന്റെ സഞ്ചാര പാതയിലാണ്. ജനവാസ കേന്ദ്രങ്ങളിൽ വീഴില്ലെന്നും ശാന്തസമുദ്രത്തിലോ അറ്റ്‌ലാന്റിക്കിലോ പതിക്കാനാണ് സാദ്ധ്യതയെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
രണ്ടാം തവണയാണ് ചൈനീസ് റോക്കറ്റ് ഭൂമിക്കും ജനങ്ങൾക്കും ഭീഷണിയാവുന്നത്.ചൈന നിർമ്മിക്കുന്ന ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ 22.5 ടൺ ഭാരമുള്ള പ്രധാനഭാഗം (ടിയാൻഹെ മൊഡ്യൂൾ) കഴിഞ്ഞ 29ന് വിജയകരമായി വിക്ഷേപിച്ച ലോങ് മാർച്ച് 5 ബി റോക്കറ്റിന്റെ ഒന്നാം ഘട്ടമാണ് ഭൂമിക്ക് ഭീഷണിയാവുന്നത്. ജ്വലിച്ചു തീർന്ന ഒന്നാം ഘട്ട എൻജിന്റെ ഭാഗങ്ങളും ഒഴിഞ്ഞ ഇന്ധന ടാങ്കും മറ്റും ആണ് ഇത്. സാധാരണ റോക്കറ്റിന്റെ ഒന്നാം ഘട്ട എൻജിൻ വിക്ഷേപണത്തിന് പിന്നാലെ വേർപെട്ട് സുരക്ഷിതമായി സമുദ്രത്തിൽ പതിക്കുകയാണ് പതിവ്. അതിന്റെ സഞ്ചാരപഥവും പതന സ്ഥലവുമെല്ലാം മുൻകൂട്ടി പ്രോഗ്രാം ചെയ്‌തിരിക്കും. ഒന്നാം ഘട്ടം ഭ്രമണപഥത്തിൽ പോകേണ്ട ആവശ്യം ഇല്ല. ഭ്രമണപഥത്തിൽ എത്തി പേലോഡ് റിലീസ് ചെയ്യുന്നത് റോക്കറ്റിന്റെ മുകളിലെ ഘട്ടങ്ങളാണ്. ചൈനീസ് റോക്കറ്റിന്റെ ഒന്നാം ഘട്ടം വിക്ഷേപണത്തിൽ അമിത വേഗത ആർജ്ജിച്ച് ഭ്രമണപഥത്തിൽ എത്തുകയും ഭൂമിയെ ചുറ്റുകയുമായിരുന്നു. ഇത് ചൈനയുടെ പരീക്ഷണം ആയിരുന്നോ എന്ന് വ്യക്തമല്ല. ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത അവശിഷ്ടം ഭൂഗുരുത്വ ബലത്താൽ ആകർഷിക്കപ്പെട്ട് അതിവേഗം ഭൂമിയിലേക്ക് പതിക്കാനും തുടങ്ങി. ചിക്കാഗോ, ന്യൂയോർക്ക്, റോം, ബിജിംഗ്, ന്യൂസിലൻഡ്, ചിലി എന്നിവിടങ്ങൾക്ക് മീതേ എവിടെയെങ്കിലും ആവാം ഇത് ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുക.
ബഹിരാകാശ മാലിന്യങ്ങൾ ഭൗമാന്തരീക്ഷത്തിലെ ഘർഷണം മൂലം കത്തി ചാമ്പലാവുകയാണ് പതിവ്. വലിയ വസ്തുക്കളും കത്തുമെങ്കിലും 20 മുതൽ 40 ശതമാനം വരെ ഭൂമിയിൽ വീഴാം. ലോങ്മാർച്ച് റോക്കറ്റിന്റെ അഞ്ച് ടൺ വരെ ഭൂമിയിൽ പതിക്കാം.
കഴിഞ്ഞ വർഷം ചൈനയുടെ ലോങ് മാർച്ച് റോക്കറ്റിന്റെ ഭാഗം ന്യൂയോർക്ക്, ലോസാഞ്ചലസ് നഗരങ്ങൾക്ക് മീതേ പറന്നാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്. അവശിഷ്‌ടങ്ങൾ ഐവറി കോസ്റ്റിൽ വീണിരുന്നു.
മുമ്പും വീണു, ആപത്തില്ലാതെ
1979 ജൂലായ് 11 - അമേരിക്കയുടെ സ്കൈലാബ് കത്തിയമർന്നു. അവശിഷ്‌ടങ്ങൾ കടലിലും ആസ്‌ട്രേലിയയിലും വീണു.
2001 മാർച്ച് 23 - റഷ്യയുടെ മിർ നിലയം കത്തിയെരിഞ്ഞ് ശാന്തസമുദ്രത്തിൽ പതിച്ചു
റഷ്യയുടെ സല്യൂട്ട് 6, 7 നിലയങ്ങളും ഭൗമാന്തരീക്ഷത്തിൽ കത്തിയെരിഞ്ഞു.