-sukumaran-nair-nss

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാൻ എൻ.എസ്.എസ് കൂട്ടുനിന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ്. പാർട്ടി മുഖപത്രത്തിലെ വിജയരാഘവന്റെ ലേഖനത്തിലെ പരാമർശം കൂടുതൽ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ‌ർ വാര്‍ത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നല്കാനാണ് സുകുമാരൻ നായർ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതെന്ന വിജയരാഘവന്റെ വ്യാഖ്യാനം അർത്ഥശൂന്യമാണ്. വോട്ടെടുപ്പു ദിവസം വോട്ടു ചെയ്തു മടങ്ങുമ്പോൾ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നല്കിയ മറുപടിയാണല്ലോ ഇത്തരം വ്യാഖ്യാനങ്ങളുടെ ഉറവിടം. സർക്കാരിനെതിരായി ഒരു പരസ്യപ്രസ്താവന നടത്തണമായിരുന്നു എങ്കിൽ അത് നേരത്തെ ചെയ്യാനുള്ള ആർജ്ജവം എൻ.എസ്.എസിനുണ്ട്.

മതേതരത്വം സംരക്ഷിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന എൻ.എസ്.എസിന് അതിന്റെ സന്ദർഭോചിതവും നീതിപൂർവവുമായ നിലപാടുകളിലൂടെ എല്ലാ രാഷ്ട്രീയനേതൃത്വങ്ങളോടും സർക്കാരുകളോടും എതിർപ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സാമൂഹ്യ നീതിക്കു വേണ്ടി ആയിരുന്നു. മറ്റു കാര്യസാദ്ധ്യങ്ങൾക്കുവേണ്ടി ആയിരുന്നില്ല. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ മാത്രമാണ് ഇടതുസർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.