cairn

 വിദേശത്തെ ഫണ്ടുകൾ പിൻവലിക്കാൻ ബാങ്കുകൾക്ക് നിർദേശം

ന്യൂഡൽഹി: ബ്രിട്ടീഷ് കമ്പനിയായ കെയിൻ എനർജിക്കെതിരായ റെട്രോ ടാക്‌സ് (മുൻകാല പ്രാബല്യത്തോടെയുള്ള നികുതി) കേസിൽ വിധി എതിരായതിനാൽ കൂടുതൽ തിരിച്ചടിയുണ്ടാകുംമുമ്പേ വിദേശത്തെ അക്കൗണ്ടുകളിലെ പണം ഉടൻ പിൻവലിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ഇന്ത്യൻ ആസ്‌‌തികൾ കെയിൻ എനർ‌ജി കണ്ടുകെട്ടിയേക്കുമെന്ന ഭീതിയെ തുടർന്നാണിത്.

റെട്രോ നികുതിക്കേസിൽ കെയിൻ എനർജിക്ക് അനുകൂലമായ നിലപാടെടുത്ത നെതർലൻഡ്‌സിലെ ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നംഗ ട്രൈബ്യൂണൽ, കെയിനിന് കേന്ദ്രസർക്കാർ 140 കോടി ഡോളർ (10,300 കോടി രൂപ) നഷ്‌ടപരിഹാരം നൽകണമെന്നും വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതിനിടെ കെയിൻ അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ, നെതർലൻഡ്‌സ് രാജ്യങ്ങളിലെ കോടതികളെ സമീപിച്ച് ഇന്ത്യൻ ആസ്‌തികൾ കണ്ടുകെട്ടാനുള്ള അപേക്ഷ സമർപ്പിച്ചു.

ബാങ്ക് അക്കൗണ്ടുകൾ, വിമാനങ്ങൾ, കപ്പലുകൾ, മറ്റ് ആസ്‌തികൾ തുടങ്ങിയവ ഇതിലുൾപ്പെടും. ഈ സാഹചര്യത്തിലാണ് അക്കൗണ്ടുകളിലെ പണം ഉടൻ പിൻവലിക്കാൻ ബാങ്കുകളോട് കേന്ദ്രം നിർദേശിച്ചത്. ഇന്ത്യൻ ബാങ്കുകൾ വിദേശത്ത് മറ്റൊരു ബാങ്കിൽ ആരംഭിച്ച 'നോസ്‌ട്രോ" അക്കൗണ്ടുകളിലെ പണം പിൻവലിക്കാനാണ് നിർദേശം. അതേസമയം, ട്രൈബ്യൂണൽ വിധി ഇന്ത്യ അംഗീകരിച്ചാൽ 50 കോടി ഡോളറിന്റെ (3,700 കോടി രൂപ) ഇളവ് നൽകാമെന്നും ഈ തുക ഇന്ത്യ ചൂണ്ടിക്കാട്ടുന്ന എണ്ണ, റിന്യൂവബിൾ എനർജി പദ്ധതികളിൽ നിക്ഷേപിക്കാമെന്നും കെയിൻ ഓഫർ‌ നൽകിയിരുന്നെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല.

കേസിന്റെ വഴി

2006-07ൽ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായി കെയിൻ ഇന്ത്യ ഹോൾഡിംഗ്‌സ് കമ്പനിയുടെ ഓഹരികൾ മാതൃകമ്പനിയായ കെയിൻ യു.കെ., കെയിൻ ഇന്ത്യ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിലൂടെ കെയിൻ യു.കെ സാമ്പത്തികലാഭം നേടിയെന്ന് കണ്ടെത്തിയ ഇന്ത്യൻ ആദായനികുതി വകുപ്പ് 25,000 കോടി രൂപയുടെ റെട്രോ ടാക്‌സ് ആവശ്യപ്പെട്ടു.

ഇതിനെതിരെ ഇന്ത്യയിലെ കോടതികളെ കെയിൻ സമീപിച്ചെങ്കിലും തോറ്റു. തുടർന്നാണ് കേസ് അന്താരാഷ്‌ട്ര കോടതികളിലേക്ക് നീണ്ടത്. ഇന്ത്യയുടെ നടപടി ബ്രിട്ടനുമായുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് കാട്ടിയാണ് കഴിഞ്ഞ ഡിസംബറിൽ നെതർലൻഡ്സിലെ ഹേഗിലുള്ള പെർമനന്റ് കോർട്ട് ഒഫ് ആർബിട്രേഷൻ (പി.സി.എ) കെയിനിന് അനുകൂലമായി വിധിച്ചത്.