ചെങ്ങന്നൂർ: ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കൊവിഡ് രോഗി മരിച്ചു. തിരുവൻവണ്ടൂർ കല്ലിശേരി എട്ടൊന്നിൽ വീട്ടിൽ എ.വി.തോമസാണ് (64) മരിച്ചത്. രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ നിന്നെത്തിയ മുത്തമകൻ ടിനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടിലെ മറ്റ് അംഗങ്ങൾക്കും രോഗം ബാധിച്ചു.
അവശനിലയിലായ തോമസിനെ ഏപ്രിൽ 30ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓർമ്മക്കുറവുള്ള തോമസ് അവിടെ നിന്ന് പുറത്തേക്ക് പോവുകയും പിന്നീട് പൊലീസ് തിരികെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് മകൻ ടിനോ ചികിത്സയിൽ കഴിയുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെ ശ്വാസതടസം അനുഭവപ്പെട്ട തോമസിന്റെ സ്ഥിതി വഷളായി. വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റ് ആശുപത്രികളിലേക്കും കൊണ്ടുപോയെങ്കിലും വെന്റിലേറ്റർ ലഭിച്ചില്ല.സംസ്കാരം നടത്തി.
ഭാര്യ: കൊച്ചുമോൾ. മക്കൾ: ടിനോ, ടിജോ, ടിബിൻ. മരുമകൾ: ജാസ്മിൻ.