covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റ ദിവസത്തിനിടെ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 274 പേരെ ഐ സി യുവിലും, 331 പേരെ വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരമൊരു വർദ്ധനവ് ആദ്യമായാണ്.

സംസ്ഥാനത്ത് നിലവിൽ ഐ സി യുകളിൽ 2323 പേരും, വെന്‍റിലേറ്ററിൽ 1138 പേരും ചികിത്സയിലുണ്ട്. സർക്കാർ-സ്വകാര്യ മേഖലകളിൽ ആയി 508 വെന്‍റിലേറ്റർ ഐ സി യു, 285 വെന്‍റിലേറ്റർ, 1661 ഓക്‌സിജൻ കിടക്കകൾ എന്നിവയാണ് ഒഴിവുള്ളത്. തലസ്ഥാന ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ പലയിടത്തും കൊവിഡ് രോഗികൾക്കായി കിടക്കകൾ പോലും ഒഴിവില്ല.

കൊവിഡ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ആശുപത്രികളിൽ ഭൂരിപക്ഷവും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.