zydus

അഹമ്മദാബാദ്: ഗുജറാത്തിലെ സൈഡസ് കാഡില കമ്പനി വികസിപ്പിച്ചെടുത്ത 'സൈകൊവ്-ഡി' എന്ന കൊവിഡ് പ്രതിരോധ വാക്‌സിൻ അടിയന്തര ഉപയോഗത്തിനുള‌ള അനുമതിയ്‌ക്കായി ഈ മാസം തന്നെ സമർപ്പിക്കും. ഈ മാസം തന്നെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അനുമതി ലഭിച്ചാലുടൻ പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിൻ നിർമ്മിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. വാക്‌സിൻ ഇഞ്ചക്ഷൻ വേദനയില്ലാത്തതാകുമെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.

അനുമതി ലഭിക്കുകയാണെങ്കിൽ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനാകും സൈകൊവ്-ഡി. മാസം മൂന്ന് മുതൽ നാല് വരെ കോടി ഡോസ് വാക്‌സിനുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് കമ്പനി കരുതുന്നത്. ഇതിനായി രണ്ടോളം വിതരണ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബർ മാസത്തിൽ വാക്‌സിൻ നിർമ്മാണ പുരോഗതി അഹമ്മദാബാദിലെ കമ്പനി പ്ളാന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തിയിരുന്നു.

വാക്‌സിന് അനുമതി ലഭിക്കുന്നതോടെ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന വാക്‌സിൻ ക്ഷാമത്തിന് അതിവേഗം പരിഹാരമാകും. 25 ഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കാവുന്ന വാക്‌സിൻ 2 മുതൽ 8 ഡിഗ്രി വരെ കാലാവസ്ഥയിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. മുൻപ് ഏപ്രിൽ മാസത്തിൽ സൈഡസ് കാഡിലയുടെ വൈറഫിൻ എന്ന മരുന്നിന് കൊവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. ചെറിയ ലക്ഷണങ്ങളുള‌ള രോഗത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുക.

ഇന്ത്യയിൽ തന്നെ ആദ്യമായി വികസിപ്പിച്ച ഡിഎൻ‌എ വാക്‌സിനാണ് സൈക്കോവ്-ഡി. 28,000 പേരിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് അംഗീകാരത്തിനായി കമ്പനി ഡ്രഗ് കൺട്രോളർ ജനറലിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പരീക്ഷണം നടത്തിയവരിൽ 12 മുതൽ 17 വയസ് വരെ പ്രായമുള‌ള കുട്ടികളുമുണ്ട്. അതുകൊണ്ട് കുട്ടികൾക്കും വാക്‌സിൻ ഫലപ്രദമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി.