kids

ബാഗ്‌പത്(ഉത്തർപ്രദേശ്): വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ കയറി കളിക്കുന്നതിനിടെ നാല് കുട്ടികൾ ശ്വാസം മുട്ടിമരിച്ചു. ഉത്തർപ്രദേശിലെ ബാഗ്‌പതിലെ സിംഗ്‌ഗൗളി ടാക ഗ്രാമത്തിലാണ് സംഭവം. അഞ്ച് കുട്ടികൾ അടുത്തുള‌ള വീട്ടിലെ അനിൽ ത്യാഗി എന്നയാളുടെ കാറിൽ കയറി കളിക്കുകയായിരുന്നു. ഇതിനിടെ കാർ ലോക്കായി പോയി. ഇതോടെ കുട്ടികൾ ഉള‌ളിൽ പെട്ടുപോയി.

സംഭവം അറിഞ്ഞെത്തിയവർ കാർ തുറക്കുമ്പോഴേക്കും കുട്ടികളിൽ നിയതി(8), കൃഷ്‌ണ(7),ശിവാംശ്(7) കൃഷ്‌ണ(4) വന്ദന(4) എന്നിവർ ബോധരഹിതരായിരുന്നു. ഇതിൽ ശിവാംശിന പുറത്തെടുത്ത ശേഷം രക്ഷിക്കാനായി. മ‌റ്റുള‌ളവർ മരിച്ചു.

കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.കാറുടമയ്‌ക്കെതിരെ അയൽവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന് കേസിൽ ഇയാൾക്കുള‌ള പങ്ക് കൂടി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.