ചെന്നൈ: തമിഴ്‌നാട് കണ്ടുമടുത്ത മുഖങ്ങൾക്ക് പകരം ഒരുകൂട്ടം മികച്ച മന്ത്രിമാരുമായാണ് സ്റ്റാലിൻ മുഖ്യമന്ത്രി കസേരയിലേക്ക് കാലെടുത്ത് വച്ചത്. മന്ത്രിസഭയിലെ പതിനഞ്ച് പുതുമുഖങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ ധനകാര്യമന്ത്രിയായ പളനിവേൽ ത്യാഗരാജൻ എന്ന പി ടി ആർ ആണ്. തിരുച്ചി എൻ ഐ ടിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ലോൻ സ്‌കൂൾ ഓഫ് മാനേജ്മെന്‍റിൽ നിന്ന് എം ബി എ. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് പി എച്ച് ഡി എന്നിങ്ങനെ മന്ത്രിസഭയിലെ തന്നെ ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തിയാണ് അദ്ദേഹം.
ഇൻവെസ്‌റ്റ്‌മെന്‍റ് ബാങ്കിംഗിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹത്തിന്‍റെ പ്രൊഫഷണൽ കരിയറിന്‍റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്‌സിൽ നിന്നാണ്. പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിംഗ് ഡയറക്‌ടറായി. ഉയർന്ന വിദ്യാഭ്യാസവും ആഗോള കാഴ്‌ചപ്പാടുകളുമുള്ള പളനിവേലിനെ പോലെയുള്ളവർ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത് തമിഴ്‌നാട് രാഷ്‌ട്രീയത്തിന്‍റെ ദിശാമാറ്റമായാണ് പലരും വിശേഷിപ്പിക്കുന്നത്.
2006ൽ മരിച്ച പിതാവ് പി ടി ആർ പളനിവേൽ രാജൻ ഡി എം കെയുടെ പ്രധാന നേതാവും തമിഴ്‌നാട് നിയമസഭയിൽ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നു. മുത്തച്ഛൻ പി ടി രാജൻ ആകട്ടെ 1936ൽ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റീസ് പാർട്ടിയുടെ നേതാവുമായിരുന്നു. തന്‍റെ ഇരുപതുകളിൽ പിതാവിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുകൾ കൈകാര്യം ചെയ്‌തുകൊണ്ടായിരുന്നു പളനിവേൽ രാഷ്ട്രീയത്തിന്‍റെ ആദ്യപാഠങ്ങൾ പഠിച്ചത്.
2016ലും 2021ലും മധുര സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പളനിവേൽ സഭയിൽ എത്തിയത്. ഇൻവെസ്‌റ്റ്‌മെന്‍റ് ബാങ്കിംഗിൽ നിന്നും വിദേശ പഠനത്തിൽ നിന്നും ലഭിച്ച ആശയങ്ങൾ തമിഴ്‌നാട്ടിൽ നടപ്പാക്കാനുളള ഒരുക്കത്തിലാണ് പളനിവേൽ. അമേരിക്കക്കാരി മാർഗ്‌രറ്റാണ് പളനിവേലിന്‍റെ ഭാര്യ. ഈ ദമ്പതികൾക്ക് പളനി തേവർ രാജൻ, വേൽ ത്യാഗരാജൻ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.