വാഷിംഗ്ടൺ: ഇന്ത്യയെക്കുറിച്ച് വിവാദ പരമർശം നടത്തി ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് . അമേരിക്കയോ ബ്രിട്ടനോ പോലുള്ള വികസിത രാജ്യങ്ങളുടേതിന് സമാനമായി ഗുണനിലവാരമുള്ള വാക്സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങൾക്ക് ഉണ്ടാകില്ല എന്ന പ്രസ്താവനയാണ് ഗേറ്റ്സിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശങ്ങളുണ്ടായത്. വാക്സിൻ കൂടൂതൽ നിർമ്മിക്കാൻ മൂന്നാം ലോക രാജ്യങ്ങൾക്ക് അതിന്റെ ഫോർമുല കൈമാറുന്നതിനെപറ്റിയും അതിനായി ഇന്റലക്ച്വൽ പ്രോപ്പർട്ടി ആക്റ്റ് പരിഷ്കരിക്കുന്നതിനെപറ്റിയും എന്താണ് താങ്കളുടെ അഭിപ്രായം എന്നായിരുന്നു ഗേറ്റ്സിനോടുള്ള ചാനൽ അവതാരകയുടെ ചോദ്യം. എന്നാൽ, ഇക്കാര്യത്തോട് ഗേറ്റ്സ് പൂർണമായും വിയോജിച്ചു.
ലോകത്ത് വളരെക്കുറച്ച് വാക്സിൻ ഫാക്ടറികളാണുള്ളത്. ജനം വാക്സിന്റെ സുരക്ഷയെപറ്റി ആശങ്കാകുലരാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് വാക്സിൻ നിർമാണം മാറാനിടയായാൽ ആളുകളുടെ ആശങ്ക വർദ്ധിക്കും. വലിയ ഗ്രാൻഡുകളും വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരുമാണ് മരുന്നുകളെ ഫലപ്രാപ്തിയിലെത്തിക്കുന്നത്. വാക്സിൻ നിർമാണത്തിന്റെ ഓരോഘട്ടത്തിലും സൂക്ഷ്മമായ നിരീക്ഷണവും മികച്ച സാങ്കേതിക വിദ്യകളും ആവശ്യമാണ്. മൂന്നാംലോക രാജ്യങ്ങളിൽ ഇത് എത്രത്തോളം ഉണ്ട് എന്നത് സംശയകരമാണെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ജോൺസൻ ആൻഡ് ജോൺസന്റെ വാക്സിൻ നിർമാണ പ്ലാന്റും ഇന്ത്യയിലെ സംവിധാനങ്ങളും ഗുണനിലവാരത്തിൽ വ്യത്യസ്തമാണെന്നും ഗേറ്റ്സ് പറഞ്ഞു.