covid
covid

ജയ്‌പൂർ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്‌കരിച്ചതിന് പിന്നാലെ രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖീർവ ഗ്രാമത്തിലെ 21 പേർ മരിച്ചു. ഏപ്രിൽ 21ന് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരികയും 150ഓളം പേർ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്‌കാരം നടത്തിയത്. മൃതദേഹം പ്ലാസ്റ്റിക് ബാഗിൽനിന്ന് പുറത്തെടുത്ത് നിരവധി ആളുകൾ അതിൽ സ്പർശിച്ചിരുന്നു.
ഈ ചടങ്ങിൽ പങ്കെടുത്ത 21 പേരാണ് അടുത്ത ദിവസങ്ങളിലായി മരിച്ചത്. അതേസമയം, ഏപ്രിൽ 15നും മേയ് അഞ്ചിനും ഇടയിലുണ്ടായ നാല് മരണങ്ങൾ മാത്രമാണ് കൊവിഡിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

'21ൽ നാല് മരണങ്ങൾ മാത്രമാണ് കൊവിഡ് ബാധിച്ച് സംഭവിച്ചത്. മറ്റുള്ളവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. അതേസമയം, ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മരിച്ചവരുടെ ബന്ധുക്കളായ 147 പേരുടെ സാമ്പിൾ എടുത്തിട്ടുണ്ട്' - സബ് ഡിവിഷണൽ ഓഫിസർ കുൽരാജ് മീന അറിയിച്ചു.