lic

 ഓഫീസുകൾ നാളെ മുതൽ ആഴ്‌ചയിൽ 5 ദിവസം മാത്രം

ചെന്നൈ: കൊവിഡ് വ്യാപന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് എൽ.ഐ.സി., ഡെത്ത് ക്ളെയിം ചട്ടങ്ങളിൽ ഇളവ് വരുത്തി. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റിന് പകരം ആശുപത്രിയിൽ നിന്നുള്ള മരണ സമയം, തീയതി എന്നിവ വ്യക്തമാക്കുന്ന ‌ഡെത്ത് സർട്ടിഫിക്കറ്റ്, ഡിസ്‌ചാർജ്/ഡെത്ത് സമ്മറി ഹാജരാക്കിയാൽ മതി. എന്നാൽ, ഇവ എൽ.ഐ.സി ക്ളാസ്-1 ഓഫീസറോ മുതിർന്ന ഡെവലപ്‌മന്റ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം. സംസ്കാരം നടത്തിയതിന്റെ തെളിവും ഇതോടൊപ്പം ഹാജരാക്കണം.

മറ്റു കേസുകളിൽ ഇൻഷ്വറൻസ് ക്ളെയിമിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തന്നെ വേണം. ക്ളെയിമുകളുടെ അതിവേഗ തീർപ്പാക്കലിനായി പ്രത്യേക എൻ.ഇ.എഫ്.ടി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാളെ മുതൽ എൽ.ഐ.സി ഓഫീസുകൾ ആഴ്‌ചയിൽ അഞ്ചുദിവസമേ (തിങ്കൾ മുതൽ വെള്ളിവരെ) പ്രവർത്തിക്കൂ. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പ്രവർത്തനം.