ins-vikramaditya

കാർവാർ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ തീപിടിത്തം. ഇന്നലെ രാവിലെ കർണാടകയിലെ കാർവാർ തുറമുഖത്തു വച്ചാണ് കപ്പലിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു.

കപ്പലിൽ നാവികർ താമസിക്കുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നാവികസേന വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഐ.എൻ.എസ് വിക്രമാദിത്യയ്ക്ക് 284 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. 20 നിലകളുടെ ഉയരമുള്ള കപ്പലിന് 22 ഡെക്കുകളുണ്ട്. നാവികരടക്കം 1600 പേർക്ക് യാത്രക്കാരെ വഹിക്കും. 2013ൽ റഷ്യയിൽ നിന്നാണ് കീവ് ക്ലാസ് വിമാനവാഹിനി കപ്പൽ ഇന്ത്യ വാങ്ങുന്നത്. തുടർന്ന് 'ഐ.എൻ.എസ് വിക്രമാദിത്യ' എന്ന് പുനർനാമകരണം ചെയ്തു.

1987ൽ കമ്മിഷൻ ചെയ്ത വിമാനവാഹിനി കപ്പൽ സോവിയറ്റ് യൂണിയന്റെ കാലത്ത് മികച്ച സേവനമാണ് കാഴ്ചവച്ചത്.