തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ടാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം ലഭിക്കുക. പൊതുജനത്തിന് പ്രവേശനമില്ല.
മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. മന്ത്രിസഭയിൽ 21 അംഗങ്ങൾ വരെ ആകാമെന്നു സിപിഎം-സിപിഐ ചർച്ചയിൽ ധാരണയായിരുന്നു. മറ്റു ഘടക കക്ഷികളുടെ അവകാശവാദങ്ങൾ കൂടി കണക്കിലെടുത്ത് എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കും.
സി.പി.ഐക്ക് നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് ധാരണ. കേരള കോൺഗ്രസ് (എം) നെ പരിഗണിക്കേണ്ട സാഹചര്യത്തിൽ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ടുകൊടുത്തേക്കും.
സി.പി.എമ്മിൽ തന്നെ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എൽ.ഡി.എഫിലെ ഏതൊക്കെ ചെറുകക്ഷികൾക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നതിലും ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. 17ന് എൽ.ഡി.എഫ് യോഗത്തിനു മുൻപായി ഇരുപാർട്ടികളും തമ്മിൽ വീണ്ടും ചർച്ച നടക്കും. 18ന് സി.പി.എം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.