covid-india

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ നാലു ലക്ഷത്തിലധികം കൊവിഡ് രോഗികളുടെ റെക്കോഡ് കുതിപ്പ്. രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 2.22 കോടിയായി. ഒരു രാവും പകലും കഴിഞ്ഞപ്പോൾ 4,03,738 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4092 മരണങ്ങളും റിപ്പോർട്ട് ചെയ‌്‌തു.തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ ഉയരുന്നത്.

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഓക്‌സിജൻ ലഭ്യത അടക്കമുള്ളവ ഉറപ്പുവരുത്തുന്നതിനുമായി 12 അംഗ നാഷണൽ ടാസ്‌ക് ഫോഴ്സിനെസുപ്രീം കോടതി നിയോഗിച്ചിരുന്നു. അതേസമയം, ജനങ്ങൾക്ക് പ്രതീക്ഷയേകി ഡിആർഡിഒ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിൻ വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കൊവിഡ് ചികിത്സയിൽ വൻ നേട്ടം കുറിച്ച് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി - ഡി - ഗ്ലൂക്കോസ് ( 2 - ഡി ജി ) എന്ന മരുന്ന് കൊവിഡ് രോഗികളിൽ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരിക്കുകയാണ്.

കൊവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്‌ട്രയടക്കം നാല് സംസ്ഥനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആശയവിനിമയം നടത്തിയിരുന്നു. മെഡിക്കൽ ഓക്‌സിജന്റെ അഭാവമാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.