narendra-modi

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്റ് മുന്‍കൂറായി നല്‍കിയത്.

പഞ്ചായത്ത്‍രാജ് സ്ഥാപനങ്ങളിലെ മൂന്ന് തലങ്ങളായ ​ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയ്ക്ക് വേണ്ടിയാണ് ​ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. റൂറൽ ലോക്കൽ ബോഡീസ് (RLBs) മറ്റു പ്രവർത്തനങ്ങൾക്കൊപ്പം കൊവിഡ് പ്രതിരോധത്തിനാവശ്യമായ വിവിധ പ്രതിരോധ, ലഘൂകരണ നടപടികൾക്കും ഉപാധികൾ വർദ്ധിപ്പിക്കുന്നതിനും ഈ തുക ഉപയോ​ഗിച്ചേക്കാം.

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം 2021 ജൂൺ മാസത്തിലായിരുന്നു ​ഗ്രാന്റിന്റെ ആദ്യ ​ഗഡു സംസ്ഥാനങ്ങൾക്ക് വിട്ടു കൊടുക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് വ്യാപനവും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാർശയും കണക്കിലെടുത്ത് നിശ്ചിത സമയപരിധിക്ക് മുമ്പായി ​ഗ്രാന്റ് പുറത്തിറക്കാൻ ​ തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രാലയം അറിയിച്ചു.

അതേസമയം 13 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. പ്രതിദിന രോഗബാധ ഇപ്പോള്‍ നാല് ലക്ഷത്തിന് മുകളിലാണെങ്കിലും ആഴ്ചകളിലെ ശരാശരി കണക്കില്‍ നേരിയ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

​ഗ്രാന്റിന്റെ ആദ്യ ​ഗഡുവിന്റെ സംസ്ഥാനാടിസ്ഥാനത്തിലുളള വിശദാംശങ്ങൾ

ആന്ധ്രാപ്രദേശ് - 387.8 കോടി
അരുണാചൽപ്രദേശ് - 34 കോടി
അസം - 237.2 കോടി
ബിഹാർ - 741.8 കോടി
ഛത്തീസ്‌ഗഢ് - 215 കോടി
​ഗുജറാത്ത് - 472.4 കോടി
ഹരിയാന - 187 കോടി
ഹിമാചൽപ്രദേശ് - 63.4 കോടി
ഝാർഖണ്ഡ്‌ - 249.8 കോടി
കർണാടക - 475.4 കോടി
കേരളം - 240.6 കോടി
മദ്ധ്യപ്രദേശ് - 588.8 കോടി
മഹാരാഷ്ട്ര - 861.4 കോടി
മണിപ്പൂർ - 26.2 കോടി
മിസോറാം - 13.8 കോടി
ഒഡീഷ - 333.8 കോടി
പഞ്ചാബ് - 205.2 കോടി
രാജസ്ഥാൻ - 570.8 കോടി
സിക്കിം - 6.2 കോടി
തമിഴ്നാട് - 533.2 കോടി
തെലംഗാന - Rs 273 കോടി
ത്രിപുര - 28.2 കോടി
ഉത്തർപ്രദേശ് - 1441.6 കോടി
ഉത്തരാഖണ്ഡ് - 85 കോടി
പശ്ചിമ ബംഗാൾ - 652.2 കോടി