ലഖ്‌നൗ: സംസ്ഥാനത്തെ കൊവിഡ് മൃതദേഹങ്ങളുടെ ശവസംസ്കാരത്തിന് പണം ഈടാക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ശ്മശാനങ്ങളിൽ വൻ തുക ഈടാക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മാത്രമാകും ഈ സേവനം ലഭ്യമാകുക.
യു.പി സർക്കാരിന്റെ ജില്ലാ മുനിസിപ്പൽ കോർപ്പറേഷൻ ശവസംസ്കാരത്തിന്റെ ചെലവുകൾ വഹിക്കും. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് എല്ലാ മുൻസിപ്പൽ കോപ്പറേഷനുകൾക്കും കത്തയച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പരമാവധി 5000 രൂപ മുനിസിപ്പൽ കോർപ്പറേഷൻ നിശ്ചയിച്ചു. ശവസംസ്കാര ചടങ്ങുകളിൽ കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിറക്കി.