
ഐ.പി.എൽ 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങുന്നതിനായി മാൽദീവ്സിലേക്കു പോയ ആസ്ട്രേലിയൻ സംഘത്തിലെ ഡേവിഡ് വാർണറും മൈക്കൽ സ്ലേറ്ററും തമ്മിലടിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനയാത്ര ആസ്ട്രേലിയൻ സർക്കാർ നിരോധിച്ചതോടെയാണ് താരങ്ങളും പരിശീലകരും കമന്റേറ്റർമാരും ഉൾപ്പെടുന്ന സംഘം മാൽദീവ്സിൽ ക്വാറന്റൈനിലിരിക്കുന്നത്. ഇതിനിടെയാണ് ഇവിടുത്തെ ബാറിൽവച്ച് വാർണറും മുൻ ഓസീസ് താരവും കമന്റേറ്ററുമായ സ്ലേറ്ററും തമ്മിലടിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചത്. തല്ലുണ്ടാക്കിയെന്ന റിപ്പോർട്ടുകൾ വാർണറും സ്ലേറ്ററും നിഷേധിച്ചിട്ടുണ്ട്.