സുഗന്ധവിള മാത്രമല്ല നല്ലൊരു ഔഷധം കൂടിയാണ് ഗ്രാമ്പു. ഈ പ്രത്യേകത തിരിച്ചറിഞ്ഞാണ് ഗ്രാമ്പു വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നത്. ആഹാരത്തിന് രുചി പകരാൻ മാത്രമല്ല പല അസുഖങ്ങൾക്കുമുള്ള മരുന്നായിട്ടും ഇത് ഉപയോഗിക്കുന്നുണ്ട്. കൃഷി ചെയ്യുമ്പോൾ ശരിയായ പരിചരണം നൽകിയില്ലെങ്കിൽ വിളവ് മോശമാകും. നട്ട് 7 - 8 വർഷമാകുമ്പോഴാണ് ഗ്രാമ്പു വിളവ് തന്നു തുടങ്ങുക.
ഗ്രാമ്പു വളരുന്ന പരിസരം സദാ തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥയായി നിലനിറുത്തണം.
പൂർണ വളർച്ചയെത്തുന്ന വിത്തുകൾ വേണം തൈ ഉല്‌പാദിപ്പിക്കാനായി തിരഞ്ഞെടുക്കേണ്ടത്. നടാനായി വിത്ത് തയ്യാറാക്കാനായി രാത്രി വെള്ളത്തിൽ കുതിർത്ത് വെക്കണം. അതിനുശേഷം പുറംതൊലി നീക്കം ചെയ്‌ത ഉടനെ വിത്ത് നടണം.
വിത്ത് വിതയ്‌ക്കാനായി മണ്ണ് കൂട്ടിയിട്ട് തടമുണ്ടാക്കണം. ജൈവവളം ചേർത്ത മണ്ണാണ് ഉപയോഗിക്കേണ്ടത്. വിത്ത് നടുമ്പോൾ രണ്ട് സെ.മീ ആഴത്തിൽ തൈകൾ തമ്മിൽ 3 സെ.മീ അകലമുണ്ടാകുന്ന രീതിയിൽ ആയിരിക്കണം. അധികം വെയിൽ കൊള്ളാതെ നോക്കണം. 15 മുതൽ 20 ദിവസങ്ങൾ കൊണ്ട് വിത്ത് മുളയ്‌ക്കും. മുളച്ച ശേഷം തൈകൾ പോളിത്തീൻ ബാഗുകളിലേക്ക് മാറ്റാം. അവ മണ്ണിലേക്ക് മാറ്റുമ്പോൾ കമ്പോസ്റ്റും പച്ചിലകളും ചാണകപ്പൊടിയും നിറച്ചാണ് നടേണ്ടത്.
ആദ്യത്തെ മൂന്ന് മുതൽ നാല് വർഷം വരെ ജലസേചനം വളരെ അത്യാവശ്യമാണ്. മണ്ണിലെ ഈർപ്പം നിലനിറുത്താൻ ശ്രദ്ധിക്കണം. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടോ മൂന്നോ വർഷം പ്രായമായ മരങ്ങൾക്ക് ജൂൺ ജൂലൈ മാസങ്ങളിൽ കൊമ്പുകോതൽ നടത്തിക്കൊടുക്കണം.
തൈകൾ മാറ്റി നട്ടാൽ നാല് വർഷമാകുമ്പോൾ പൂക്കളുണ്ടാകും. 15 വർഷമാകുമ്പോൾ മാത്രമാണ് ഗ്രാമ്പുവിൽ നിറയെ കായ്‌കളുണ്ടാകുന്നത്. പച്ചയിൽ നിന്ന് പിങ്ക് നിറത്തിലേക്ക് ഗ്രാമ്പുവിന്റെ അടിഭാഗം മാറുമ്പോൾ വിളവെടുക്കാൻ പാകമായെന്ന് മനസിലാക്കാം.