വെള്ളറട: ഇലക്ഷൻ ഡ്യൂട്ടിക്ക് പൊലീസ് വിളിച്ച വാഹനങ്ങൾക്കും വീഡിയോ ഗ്രാഫർമാർക്കും ഒരു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. മലയോര മേഖലയിൽ നിരവധി സ്വകാര്യ വാഹനങ്ങളാണ് പൊലീസിനു വേണ്ടി ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയത്. എല്ലാപേരും ഡ്യൂട്ടികഴിഞ്ഞ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് അതാത് പൊലീസ് സ്റ്റേഷനുകളിൽ നൽകിയാണ് മടങ്ങിയത്. എന്നാൽ ഇതുവരെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.
പൊലീസ് വാടകയ്ക്ക് വിളിച്ച വീഡിയോ ഗ്രാഫർമാരുടെ സ്ഥിതിയും ഇതുതന്നെ. കയ്യിലിരുന്ന പണം നൽകിയാണ് പല വീഡിയോ സ്ഥാപന ഉടമകളും റെക്കോഡിംഗിൽ എത്തിയവർക്ക് പണം നൽകിയത്. എന്നാൽ സ്റ്റേഷനിൽ നിന്നും ഡിപ്പാർട്ടുമെന്റിനെ രേഖകളെല്ലാം കൈമാറിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടിയന്തിരമായി പണം നൽകാൻ നടപടിവേണമെന്നാണ് ഇവരുടെ ആവശ്യം.