തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊവിഡ് ബാധിതരാകുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്‌ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. ജോലി ഭാരം കുറയ്ക്കണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ ഉറ്റബന്ധുക്കള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണമെന്നും കെ ജി എം ഒ എ കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് രണ്ടാം കൊവിഡ് തരംഗത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്‌സിന്‍ എടുത്തിട്ടും കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ കൂടുതല്‍ ജോലിയാണ് ഇവര്‍ ചെയ്യുന്നത്. നേരത്തേതില്‍ നിന്നും വ്യത്യസ്‌തമായി ഇത്തവണ ഗുരുതരമായ സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാണ് കെ ജി എം ഒ എയുടെ ആവശ്യം.
വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ബ്ലോക്ക് തലത്തില്‍ ടെലിമെഡിസിന്‍ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി ജി പഠനത്തിന് പോയ ഡോക്‌ടർമാരിൽ കോഴ്‌സ് കഴിഞ്ഞവരെ തിരികെ എത്തിക്കണം. ഡൊമിസിലറി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ ഡോക്ടർമാർ നേരിട്ടുള്ള ചികിത്സ ഒഴിവാക്കി ഓൺലൈൻ ആക്കണം. രോഗികളെ കൊണ്ടുപോകൻ ആംബുലൻസുകൾക്കൊപ്പം ടാക്സികളും സജ്ജമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.