tasleema

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്‌തത് മുതൽ ന്യൂഡൽഹിയിലെ തന്റെ വീട്ടിൽ തനിച്ചാണ് ബംഗ്ളാദേശി-സ്വീഡിഷ് പൗരത്വമുള‌ള എഴുത്തുകാരി തസ്‌ളീമ നസ്‌റിൻ താമസം.പുറത്തേക്ക് പോകാറില്ല, ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാറുമില്ല.കൂട്ടിനുള‌ളത് തന്റെ പൂച്ച മാത്രം. പുറത്തേക്കിറങ്ങിയത് രണ്ട് മാസം മുൻപ് ആദ്യ ഡോസ് കൊവിഡ‌് വാക്‌സിൻ സ്വീകരിക്കാനാണ്. എന്നിട്ടും തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അമ്പരപ്പിലാണ് തസ്ളീമ.

'കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. ആരെയും വീട്ടിലേക്ക് കയറ്റിയിട്ടുമില്ല. പൂച്ചയോടൊപ്പം തനിയെ താമസിക്കുകയായിരുന്നു ഞാൻ. എന്നിട്ടും എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എങ്ങനെ രോഗം പിടികൂടിയെന്ന് ഞാൻ അറിയാൻ ആഗ്രഹിക്കുകയാണ്.' തസ്ളീമ നസ്‌റീൻ ട്വി‌റ്ററിൽ കുറിച്ചു.

കഴിഞ്ഞ ഒരു വർഷമായി തനിക്ക് വേണ്ടതെല്ലാം താൻ തന്നെ ചെയ്യുകയാണെന്ന് അവർ ഫേസ്‌ബുക്കിലും കുറിച്ചു. എല്ലാം തനിയെ ചെയ്‌തിട്ടും ശ്രദ്ധിച്ചിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന നിരാശ തസ്ളീമ പങ്കുവച്ചു. എഴുത്തിലെ പ്രകോപനപരമായ പരാമർശങ്ങൾ മൂലം സ്വന്തം രാജ്യമായ ബംഗ്ളാദേശിൽ നിന്ന് 1994ൽ ഇന്ത്യയിലേക്ക് പലായനം ചെയ്‌ത തസ്ളീമ കഴിഞ്ഞ 27 വർഷമായി ഡൽഹിയിലാണ് താമസം.

രാജ്യ തലസ്ഥാനത്ത് കൊവിഡ് സ്ഥിതി രൂക്ഷമായിരിക്കുകയാണ്. മേയ് 17വരെ ഇവിടെ കർശന ലോക്‌ഡൗൺ നടപ്പാക്കിയിരിക്കുകയാണ് സർക്കാർ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3754 പേർ മരണമടഞ്ഞു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.26 കോടി കവിഞ്ഞു.