യഥാകാലം സുമതിയും കേശിനിയും ഗർഭിണികളായി. കേശിനി അസ്മഞ്ജസ് എന്ന ഒരു പുത്രനേയും സുമതി അറുപതിനായിരം പുത്രൻമാരെയും പ്രസവിച്ചു. അറുപതിനായിരത്തി ഒന്ന് പുത്രന്മാരുടെ പിതാവായ സഗരൻ സന്തോഷിക്കുകയും അൽപ്പം അഹങ്കരിക്കുകയും ചെയ്തു. പുത്രന്മാരുടെ പട മാത്രം മതി ഒരു മാതിരിയുള്ള രാജാക്കന്മാരെയൊക്കെ കീഴടക്കാൻ. അസമഞ്ജസ് കുലം നിലനിറുത്താനുള്ള അനുഗ്രഹം നേടിയിരുന്നെങ്കിലും പലകാരണങ്ങളാൽ അക്രമവാസന കൂടുതലായിരുന്നു. അസമഞ്ജസ് നേരത്തേ വിവാഹിതനായി അംശുമാൻ എന്ന ഒരു പുത്രന്റെ പിതാവുമായി തീർന്നു.
അയൽരാജ്യങ്ങൾ പലതും കീഴടക്കിക്കഴിഞ്ഞപ്പോൾ ഒരു അശ്വമേധയാഗം നടത്തണമെന്ന മോഹം സഗരനുണ്ടായി. ലക്ഷണമൊത്ത ഒരു കുതിരയെ കണ്ടെത്തി കൊട്ടാരത്തിൽ കൊണ്ടുവന്ന് തയ്യാറാക്കി നിറുത്തി. യാഗം നടക്കാൻ പോകുന്ന വിവരം മണത്തറിഞ്ഞ ദേവേന്ദ്രൻ കുതിരയെ മോഷ്ടിച്ച് പാതാളത്തിൽ കൊണ്ടുപോയി കെട്ടിയിടാൻ വായുദേവനെ ചുമതലപ്പെടുത്തി. ഒരുറുമ്പുപോലും അറിയാതെ വായുദേവൻ കുതിരയെ കടത്തി പാതാളത്തിലെത്തിച്ച് അവിടെ തപസ് ചെയ്യുകയായിരുന്ന കപില മഹർഷിയുടെ ആശ്രമപരിസരത്ത് ഒരു മരത്തിൽ കെട്ടിയിട്ട ശേഷം വായു അതിന്റെ വഴിക്കുപോയി.
കുതിരയെ കാണാതായ സഗരൻ അന്വേഷണം തുടങ്ങി. പുത്രന്മാരുടെ ഒരുപട തന്നെയുള്ളതിനാൽ സഗരൻ പുത്രന്മാരോട് കുതിരയെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. പുത്രപ്പട ഒന്നായി അന്വേഷണത്തിനിറങ്ങി. ഭൂമി മുഴുവൻ അന്വേഷിച്ചെങ്കിലും കുതിരയെ കണ്ടെത്താൻ കഴിയാതെ പുത്രന്മാർ അയോധ്യയിലേക്ക് മടങ്ങാനൊരുങ്ങി. പുത്രന്മാരുടെ തീരുമാനം അറിഞ്ഞ സഗരൻ കുതിരയെ കണ്ടെത്തിയശേഷം മാത്രം തിരികെ വന്നാൽ മതിയെന്ന് കർശനമായി അവരെ ശാസിച്ചു. തുടർന്ന് പാതാളത്തിലും കൂടി അന്വേഷിക്കാൻ അവർ നിർബന്ധിതരായി. പാതാളത്തിലേക്ക് ഒരുവഴി കണ്ടെത്താനായി അവർ ഭൂമിയുടെ പലഭാഗങ്ങളിലും അഗാഥമായ ഗർത്തങ്ങൾ കുഴിച്ചുണ്ടാക്കി. പിന്തിരിയാതെ ഒരു ഗർത്തം ആഴത്തിൽ കുഴിച്ച് കുഴിച്ച് അവർ പാതാളത്തിലെത്തി. അവിടെ അന്വേഷണം നടത്തിയപ്പോൾ കപില മഹർഷിയുടെ ആശ്രമപരിസരത്ത് അവർ കുതിരയെ കണ്ടെത്തി. കുതിരയെ കണ്ട സന്തോഷത്തിൽ സഗരപുത്രന്മാർ ആർത്തുവിളിക്കുകയും മഹർഷി ആയിരിക്കും കുതിരയെ അടിച്ചുമാറ്റിയതെന്ന് സംശയിച്ച് മഹർഷിയുമായി വഴക്കിടുകയും ചെയ്തു. നിരപരാധിയും കുതിരയെ കാണുകയോ അറിയുകയോ ചെയ്യാത്ത മഹർഷിയുടെ കോപാഗ്നിയിൽ സഗരപുത്രന്മാർ ഒന്നില്ലാതെ ഭസ്മമായി.
ഭരണച്ചുമതല കൈമാറാൻ പോലും ഒരു പുത്രൻ അവശേഷിക്കാതെ സർവരും നഷ്ടപ്പെട്ടതിനു പുറമേ മരിച്ച പുത്രന്മാർക്ക് ശേഷക്രിയകൾ ചെയ്യാൻ കഴിയാത്തതിലും ദുഃഖിതനായ സഗരൻ പൗത്രനായ അംശുമാന് ഭരണം കൈമാറിയ ശേഷം വനവാസത്തിനായി കാടുകയറി. ഭരണമേറ്റ അംശുമാൻ പിതാക്കന്മാർ കുഴിച്ചിട്ട വഴിയിലൂടെ പാതാളത്തിലെത്തി കപില മഹർഷിയോട് മാപ്പ് പറഞ്ഞ് കുതിരയേയും കൊണ്ട് അയോധ്യയിലെത്തി യാഗം പൂർത്തിയാക്കി. എങ്കിലും അംശുമാന് പിതൃക്കൾക്കു വേണ്ടിയുള്ള ശേഷക്രിയകൾ ചെയ്യാൻ കഴിയാതെ ആ ചുമതല പുത്രനായ ദിലീപിനും ദിലീപൻ ചുമതല പുത്രനായ ഭഗീരഥനും കൈമാറി. ഭഗീരഥൻ മഹർഷിമാരുമായി കൂടിയാലോചിച്ച് പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കാൻ സ്വർഗത്തിലെ പുണ്യനദിയായ ഗംഗയെ ആദ്യം ഭൂമിയിലെത്തിച്ചശേഷം വീണ്ടും പാതാളത്തിലെത്തിച്ച് പിതൃക്കളുടെ ശരീരഭസ്മങ്ങൾ നനയിച്ച് അവരെ മോക്ഷപ്രാപ്തരാക്കി. ഈ അധ്വാനത്തിന് ഭഗീരഥൻ പതിനയ്യായിരം വർഷത്തിലേറെ തപസും കാത്തിരിപ്പും അനുഷ്ഠിക്കേണ്ടിവന്നു. സമാനതകളില്ലാത്ത ഭഗീരഥന്റെ ഈ പ്രയത്നത്തെ ഭഗീരഥപ്രയത്നം എന്ന് കാലം വിധിയെഴുതി. ഭൂമിയിലെത്തിയ ഗംഗ സഗരപുത്രന്മാർ കുഴിച്ചിട്ട ഗർത്തങ്ങളെല്ലാം ജലം കൊണ്ട് നിറച്ചത് കാരണം അവ സമുദ്രങ്ങളായി മാറി. സഗരപുത്രന്മാർ കുഴിച്ച ഗർത്തങ്ങളായിരുന്നതിനാൽ സമുദ്രത്തെ സാഗരം എന്നും അറിയാൻ തുടങ്ങി. ഭഗീരഥന്റെ അധ്വാനം കൊണ്ട് ഭൂമിയിലെത്തിയ ഗംഗയ്ക്ക് ഭഗീരഥി എന്നും പേരുണ്ടായി.
( തുടരും )
(ലേഖകന്റെ ഫോൺ: 9447750159)