thrissur

തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ മതാചാരപ്രകാരം സംസ്‌കാരത്തിന് മുൻപ് കുളിപ്പിക്കാൻ കൊണ്ടുവന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ മൃതദേഹം കയറ്റിയിരുന്ന ആംബുലൻസ് കസ്‌റ്റഡിയിലെടുത്തു. തൃശൂരിൽ എം‌ഐ‌സി ജുമാ മസ്‌ജിദിലാണ് സംഭവം.

വരവൂർ സ്വദേശിനിയായ ഖദീജ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിക്കുന്നതിന് പകരം നേരെ പള‌ളിയിലേക്കാണ് കൊണ്ടുവന്നത്. ഇവിടെ ശവശരീരം കുളിപ്പിക്കാനുള‌ള ഒരുക്കം നടക്കുന്ന വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ നടപടി തടഞ്ഞു.

ഖദീജയുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സാന്നിദ്ധ്യത്തിൽ സംസ്‌കരിക്കും. പ്രോട്ടോകോൾ ലംഘനത്തിന് ഖദീജയുടെ ബന്ധുക്കൾക്കെതിരെയും പള‌ളി കമ്മി‌റ്റിയ്‌ക്കെതിരെയും കേസെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ജില്ലാ കളക്‌ടർ എസ്.ഷാനവാസ് അറിയിച്ചു. മുൻപും സമാനമായ സംഭവം ഇവിടെയുണ്ടായതായാണ് വിവരം.