padmanabhaswami

കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്ക് ആ പേര് നൽകാൻ കാരണമായത് മാത്രമല്ല അത്ഭുതകരമായ കഥകളുടെയും പല തരത്തിലുള‌ള വിശിഷ്‌ടമായ ആചാരങ്ങളുടെയും കലവറയാണ് ശ്രീ പദ്മ‌നാഭസ്വാമി ക്ഷേത്രം. യോഗനിദ്ര‌യിലാണ്ടിരിക്കുന്ന ശ്രീ പദ‌്മനാഭ സ്വാമിയോടൊപ്പം തിരുവമ്പാടി കൃഷ്‌ണനും തെക്കെടത്ത് നരസിംഹമൂർത്തിയും കുടികൊള‌ളുന്ന മഹാക്ഷേത്രം. പദ്‌മനാഭ സ്വാമിയുടേതെന്ന പോലെ നരസിംഹ മൂർത്തിയെക്കുറിച്ചും പല കഥകളും ഭക്തർക്കിടയിൽ പ്രചാരത്തിലുണ്ട്.

ആ കഥകളിൽ പ്രഥമമായുള‌ളത് നരസിംഹ സ്വാമിയുടെ പ്രതിഷ്‌ഠാ ദിനത്തിലേതാണ്. പ്രതിഷ്‌ഠ നടന്ന ദിവസം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രഥാന നടയുടെ എതിർവശത്തുള‌ളതും നഗരത്തിലെ പ്രഥാന വ്യാപാര കേന്ദ്രവുമായ ചാലയിൽ ഒരു വലിയ അഗ്നിബാധയുണ്ടായി. അത് നരസിംഹമൂർത്തിയുടെ രൗദ്രതയാണെന്ന വിശ്വാസമുണ്ടായി. മൂർത്തിയുടെ രൗദ്രഭാവം കുറയ്‌ക്കാൻ പ്രതിഷ്‌ഠയുടെ കൈയിലെ ഒരു വിരലിന്റെ അൽപം രാകി കളയുകയും ഭഗവാന്റെ സന്നിധിയിൽ രാമായണം വായിക്കാനും തുടങ്ങി. ഉത്തമമായ പ്രതിഷ്‌ഠയ്‌ക്ക് അൽപം വൈകല്യം വരുത്തിയാണ് ശക്തി കുറച്ചത്.