ഭോപ്പാൽ: ചെറിയ ലക്ഷണങ്ങളുളള കൊവിഡ് രോഗികൾക്കായി 1000 കിടക്കകളടങ്ങിയ ക്വാറന്റൈൻ കേന്ദ്രം തുറന്നു. രോഗികൾക്ക് രോഗാരിഷ്‌ടത അകറ്റാൻ യോഗയും പിന്നെ വലിയ സ്‌ക്രീനിൽ രാമായണ പ്രദർശനവും ഇവിടെയുണ്ടാകുമെന്നാണ് കേന്ദ്രം നടത്തിപ്പുകാർ അറിയിക്കുന്നത്. കേരളത്തിലല്ല മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ ചികിത്സാ കേന്ദ്രം. ബിജെപി സംസ്ഥാന ഘടകവും മാധവ് സേവാ കേന്ദ്രവും ചേർന്നാണ് ക്വാറന്റൈൻ കേന്ദ്രം ആരംഭിച്ചത്.
രോഗികളുടെ മാനസികോല്ലാസത്തിനാണ് യോഗയും രാമായണം,മഹാഭാരതം എന്നിവയുടെ പ്രദർശനവും നടത്തുന്നത്. സമൂഹത്തിൽ ആലംബമില്ലാത്തവരും സ്വന്തം വീട്ടിൽ ക്വാറന്റൈനിലിരിക്കാൻ പാകത്തിന് സൗകര്യമില്ലാത്തവരുമാണ് ഇവിടെ എത്തുന്നവർ.
ആരോഗ്യകേന്ദ്രത്തിലെ വാർഡുകൾക്ക് പ്രശസ്‌തരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേരാണ് നൽകിയിരിക്കുന്നത്. മഹാത്‌മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, അബ്‌ദുൾ കലാം, സർദാർ പട്ടേൽ, ഭോജ രാജാവ് എന്നിങ്ങനെ പലരുടെയും പേരിലുണ്ട് വാർഡുകൾ. വനിതാ വിഭാഗത്തിന് റാണി ലക്ഷ്‌മി ബായ്, റാണി കമൽപതി എന്നിങ്ങനെയാണ് പേര്.
ഓരോ ബെഡിലും മൊബൈൽ ചാർജ് ചെയ്യാനുളള സൗകര്യവും വെളളം തിളപ്പിക്കാനുളള സൗകര്യവുമുണ്ട്. ആവശ്യം വേണ്ടവർക്ക് ഓക്‌സിജൻ കോൺസൺട്രേറ്ററുകളും നൽകും. എപ്പോഴും മഹാ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും 24 മണിക്കൂറും ചികിത്സയിൽ കഴിയുന്നവർക്ക് കേൾക്കാനാകും.