വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും ആസ്‌തമയെക്കുറിച്ചുള്ള അമിത ഭീതി ചിലരിലെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആസ്‌തമ കണ്ടെത്തിയാൽ മിക്കവർക്കും അത് ഉൾക്കൊള്ളാൻ തന്നെ പ്രയാസമാണ്. ആസ്‌തമയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 339 മില്യൺ ജനങ്ങൾ ആസ്തമയോട് കൂടി
ഇന്ന് ജീവിക്കുന്നുണ്ട്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാകവുന്ന അസുഖമാണിത്. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട്, കുറുങ്ങൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുഞ്ഞുങ്ങളിൽ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധ എന്നിവയാണ് മറ്റുലക്ഷണങ്ങൾ. ഉറക്കമില്ലായ്മ, അമിതക്ഷീണം, ഊർജ്ജമില്ലായ്മ എന്നിവയും ലക്ഷണങ്ങളായി കരുതാവുന്നതാണ്.
വിട്ടുമാറാത്ത ഒരു അസുഖം ആയിട്ടാണ് പലരും ആസ്മയെ കാണുന്നത്. ഇതൊരു മാറാരോഗമാണെന്ന് കരുതുന്ന കാലം കഴിഞ്ഞു. കൃത്യമായ ചികിത്സചെയ്യുന്നതിലൂടെ ആസ്തമയുടെ ലക്ഷണങ്ങൾ ക്രമീകരിക്കാൻ കഴിയും. വളരെ കുറവ് മരുന്നുകൾ കൊണ്ടോ മരുന്ന് ഇല്ലാതെയോ ആസ്മയെ നിയന്ത്രിക്കാൻ കഴിയും. ഓരോ വ്യക്തിയെയും വ്യത്യസ്തനായി കണ്ടുകൊണ്ടാണ് ചികിത്സ ആരംഭിക്കുന്നത്. ആസ്മ രോഗം ഏതു ഘട്ടത്തിലെത്തി എന്നതനുസരിച്ചാണ് രോഗ ലക്ഷണം ദൃശ്യമാകുന്നത്. അതിനനുസരിച്ചുള്ള മരുന്നുകൾ വേണം രോഗിക്ക് നൽകാൻ. കഠിനമായ ആസ്ത്മ രോഗികൾക്കും നവീകരിച്ച ചികിത്സ രീതികൾ ഇന്ന് ലഭ്യമാണ്.
കാരണങ്ങൾ
പാരമ്പ്യം പ്രധാനമാണ്. അലർജി, വീടിനുള്ളിലെ പൊടിപടലങ്ങൾ,
പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾ, കർട്ടൻ, പരവതാനികൾ എന്നിവയും അതിലെ പൊടിയും,
പൂമ്പൊടി, പൂപ്പൽ, പുകവലി,ജോലിസ്ഥലത്തെ രാസവസ്‌തുക്കൾ,
അന്തരീക്ഷ മലിനീകരണം എന്നിവയാണ് ആസ്‌തമയുടെ പ്രധാനകാരണങ്ങൾ.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും തണുപ്പ് കാരണം ശ്വാസകോശത്തിലുണ്ടാകുന്ന നീർക്കെട്ട്, ചുരുക്കം എന്നിയും കാരണമാകാറുണ്ട്.
മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ, അപകട ഘടകം അല്ലെങ്കിൽ രോഗത്തിന് കാരണമാകുന്നവയുടെ സാനിദ്ധ്യം, അലർജിയുടെ ലക്ഷണങ്ങൾ എന്നിവ പരിശോധിച്ചാണ് രോഗനിർണ്ണയം നടത്തുന്നത്.
ശ്വാസകോശത്തിന് പ്രവർത്തനക്ഷമത നോക്കുമ്പോൾ ശ്വാസകോശ സങ്കോച ശേഷി, ചുരുക്കം കുറഞ്ഞ് ശ്വാസനാളങ്ങൾ വികസിക്കുന്നതിന്റെ തെളിവ് എന്നിവയും വിശദമായി പരിശോധിക്കാറുണ്ട്.
രോഗം ഉണ്ടാകാൻ കാരണമാകുന്ന ഘടകങ്ങൾ തടയുക. ലക്ഷണങ്ങളുടെ തുടക്കത്തിൽ തന്നെ അവ കുറയ്ക്കാൻ അവശ്യമായ ചികിത്സ ആരംഭിക്കുക. കൃത്യനിഷ്ഠയുള്ള ജീവിതശൈലി ശീലിക്കുക, അലർജി തടയാൻ ശ്രദ്ധിക്കുക. പുകവലിക്കുന്നവരിൽ വരുന്ന അസുഖങ്ങൾ, ഈസ്‌നോഫീലിയ കാരണമുള്ള ശ്വാസകോശത്തിന്റെ അലർജി എന്നിവയാണ് ആസ്തമ പോലുള്ള മറ്റ് അസുഖങ്ങൾ.
തടസങ്ങൾ
1. പുകവലി
3. സൈനസൈറ്റിസ്
4. അമിതവണ്ണം
5. മരുന്ന് ഉപയോഗത്തിലെ തെറ്റായ രീതി
6. അണുബാധ
8. അന്തരീക്ഷ മലിനീകരണം
9. അമിതരക്തസമ്മർദ്ദം അല്ലെങ്കിൽ അനിയന്ത്രിതമായ പ്രമേഹം.
ഇൻഹേയ്ലർ തെറാപ്പി
ആസ‌്തമയെക്കുറിച്ചുള്ള ഏറ്റവും വലിയ മിഥ്യാധാരണ ഇൻഹേയ്ലർ തെറാപ്പിയെക്കുറിച്ചുള്ളതാണ്. ഇൻഹേയ്ലർ ഉപയോഗിക്കുന്നതിലൂടെ മരുന്ന് ശ്വാസകോശത്തിലേക്ക് മാത്രമേ പോകുന്നുള്ളു. എന്നുമാത്രമല്ല മറ്റു പല ഗുണങ്ങളുമുണ്ട്. ശ്വാസകോശത്തിൽ മാത്രമായി എത്തുന്നതുകൊണ്ട് പാർശ്വഫലങ്ങൾ കുറവാണ്. മരുന്നിന്റെ ഡോസ് കുറച്ച് മതി. മരുന്നിന്റെ പ്രവർത്തനം വേഗത്തിലായതിനാൽ വേഗത്തിലുള്ള ആശ്വാസം ലഭിക്കുന്നു. കുറഞ്ഞ ചികിത്സാ ചെലവ്. ഗുളികകളെ അപേക്ഷിച്ച് വളരെ കുറച്ച് മരുന്ന് ഉപയോഗിച്ചാൽ മതിയാകും. ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ പ്രമേഹം വരാൻ സാദ്ധ്യതയില്ല. അമിത വണ്ണം വയ്ക്കാനുള്ള സാദ്ധ്യതയും കുറവാണ്. എന്നാൽ മറ്റു മരുന്നുകൾ കഴിക്കുമ്പോൾ പാർശ്വഫലമായി അമിതവണ്ണത്തിന് സാദ്ധ്യതയുണ്ട്.
കടുത്ത ആസ്ത്മ രോഗികൾ ഇടയ്ക്കിടയ്ക്ക് ഇൻഹേയ്ലർ ഉപയോഗിക്കേണ്ടിവരുന്നു. അല്ലാത്തപക്ഷം മരുന്നുകൾ സ്വീകരിക്കുന്ന റിസപ്റ്ററുകളുടെ എണ്ണം കുറഞ്ഞുവരികയും അതിലൂടെ ആസ്ത്മയുടെ മരുന്നുകൾ പിന്നീട് ഉപയോഗിക്കുമ്പോൾ വേണ്ടത്ര ഫലപ്രാപ്തി കിട്ടാതെ വരികയുംചെയ്യുന്നു. കാലാവസ്ഥ മാറുമ്പോൾ ആസ്ത്മ രോഗത്തിന്റെ തീവ്രത കൂടുന്നു. വരണ്ട കാലാവസ്ഥയിൽ നമ്മുടെ ശ്വാസനാളങ്ങളിൽ ഇൻഫ്ലമേറ്ററി മീഡിയേറ്റർസ് കൂടുതൽ പുറത്ത് വരുന്നത് വഴി രോഗിക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കാലാവസ്ഥവ്യതിയാനം അനുസരിച്ച് ആസ്ത്മാരോഗികൾ ഡോക്ടറെ കണ്ട് കൃത്യമായ മരുന്നുകൾ നേരത്തെ കരുതുന്നത് നല്ലതാണ്.
ഗർഭിണികളിലെ ആസ്ത്മ
ഗർഭിണികളിലെ ആസ്ത്മയെ നിയന്ത്രിക്കുന്നതിൽ പരിമിതികളുണ്ട്. കാരണം പല മരുന്നുകളും ഗർഭകാലത്ത് ഉപയോഗിക്കാൻ കഴിയില്ല. ഗർഭിണികളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോൾ അത് ഗർഭസ്ഥശിശുവിനെ ബാധിക്കുന്നു. അതിനാൽ ഗർഭിണികൾ അസ്ത്മയുടെ മരുന്നുകൾ നിർത്തുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ചികിത്സ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. മുലയൂട്ടുന്ന അമ്മമാരും ഇക്കാര്യം ശ്രദ്ധിക്കണം.
ആസ്തമ ഒരു മാറാ രോഗവും പ്രശ്നക്കാരനുമായി കാണുന്ന കാലം കഴിഞ്ഞു. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ആസ്തമ രോഗിയാണെന്ന ചിന്ത പലരെയും അലട്ടുന്നുവെന്നതാണ് മറ്റൊരു കാര്യം. ഇന്ന് നവീകരിച്ച ചികിത്സാരീതികൾ ലഭ്യമാണ്. കൃത്യമായ രോഗ നിർണ്ണയവും ചികിത്സയും ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നുണ്ട്.
ഡോ. അശ്വതി
പൾമനോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം.