high-court

തിരുവനന്തപുരം: സംസ്ഥാനത്ത് നീതികരിക്കാൻ കഴിയാത്ത തരത്തിലാണ് കൊവിഡ് ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രികൾ ബില്ല് ഈടാക്കുന്നതെന്ന് ഹൈക്കോടതി. ഇന്നലെ മാത്രം ലഭിച്ച ബില്ലുകൾ ഉയർത്തിക്കാണിച്ച കോടതി, കഞ്ഞി നൽകാനായി ഒരു ആശുപത്രി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. അൻവർ ആശുപത്രിയിൽ അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ, ഡി എം ഒയുടെ റിപ്പോർട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

​​​ ​​​​​​അതേസമയം, ഉത്തരവിലെ പല നിർദേശങ്ങളെയും സ്വകാര്യ ആശുപത്രികൾ കോടതിയിൽ എതിർത്തു. നിർദേശങ്ങൾ പ്രായോഗികമല്ലെന്നും, സർക്കാർ തങ്ങൾക്ക് ഒരു സബ്‌സിഡിയും നൽകുന്നില്ലെന്നും ആശുപത്രികൾ വാദിച്ചു. എം ഇ എസ് ആശുപത്രി, സർക്കാർ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്‌ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയിൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാണെന്നും എം ഇ എസ് വ്യക്തമാക്കി.

മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ഉയർന്ന തുകയുടെ ബില്ലുകൾ ലഭിച്ചവരുണ്ടെങ്കിൽ അതുമായി ഡി എം ഒയെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്നും കോടതി കർശനനിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇതോടെയാണ് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയരിക്കുന്നത്. പി പി ഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബെഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്‌തു.