ഷർമിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനു മുമ്പ് സിദ്ദു മുറി തയ്യാറാക്കി വച്ചു. അവിടെയുമിവിടെയുമായി കിടന്നിരുന്ന വസ്ത്രങ്ങൾ അയയിൽ മടക്കിയിട്ടു. മേശയുടേയും മെത്തയുടേയും വിരികൾ നിവർത്തിയിട്ടു. മേശപ്പുറത്ത് ചിതറിക്കിടന്ന മാസികകളും കടലാസുകളും അടുക്കി വച്ചു. അവൾക്ക് തന്റെ മുറിയിൽ തന്നെ താമസിക്കാം. സുധിയുടെ മുറി ആർക്കും വിട്ടു കൊടുക്കാൻ എന്തുകൊണ്ടോ തോന്നുന്നില്ല.
സിദ്ദു വെളുപ്പിനെ എയർപോർട്ടിൽ ചെന്നു അവളെ കൂട്ടിക്കൊണ്ടു വന്നു. വീട്ടിൽ സ്വീകരണമുറിയിൽ വെച്ചിരുന്ന സുധിയുടെ ഫോട്ടോ അവൾ കുറച്ച് നേരം നോക്കി നിന്നു. സിദ്ദു അവളെ അച്ഛന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അച്ഛൻ വിശ്രമത്തിലാണ്. അല്പം നടക്കാൻ അനുവദിച്ചിട്ടുണ്ട്. പടികൾ കയറാനോ, ഭാരമുള്ള വസ്തുക്കൾ എടുക്കാനോ പാടില്ല എന്ന് വിലക്കിയിട്ടുണ്ട്. അവൾ അവളുടെ മമ്മിയേയും പപ്പായേയും കുറിച്ച് പറഞ്ഞതൊക്കെ അച്ഛൻ കൗതുകത്തോടെയും ശ്രദ്ധയോടു കൂടിയും കേട്ട് ഇരുന്നു.
''ഷർമി...ഷർമിള...ഇവിടെ കുറച്ച് ദിവസം ഉണ്ടാവുമച്ഛാ..ഒരു സമാധാനമാവുമല്ലോ?""
അദ്ദേഹം അതു കേട്ട് വെറുതെ ചിരിച്ചതേയുള്ളൂ.
''ഞാൻ ഇവളെ വീടൊക്കെ ഒന്നു കൊണ്ടു പോയി കാണിച്ചു കൊടുക്കട്ടെ...""
അതും പറഞ്ഞ് സിദ്ദു എഴുന്നേറ്റു. ഒപ്പം ഷർമിയും.
അച്ഛൻ, സിദ്ദുവിന്റെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി കുറച്ച് നേരമിരുന്നു. എന്നിട്ടെന്തോ ഓർത്തിട്ടെന്ന പോലെ ചിരിച്ചു.
''ആദ്യം ഞാൻ നിനക്ക് ഈ പരിസരം ഒന്ന് പരിചയപ്പെടുത്തി തരാം."
പറമ്പിലൂടെ അവർ നടന്നു.
സിദ്ദു താൻ കിഷോറിനെ കണ്ടതും ഫ്രാൻസിസ്നെ കാണാൻ പോയതും പിന്നീട് അവരെല്ലാം ട്രിപ്പിനു പോയ സ്ഥലത്ത് പോയപ്പോൾ അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങളുമെല്ലാം വിശദമായി പറഞ്ഞു.
'' ഇനി...സുധിയെ അപായപ്പെടുത്തിയതാണെങ്കിൽ കൂടിയും...എന്റെ ഊഹങ്ങളനുസരിച്ച് ഫ്രാൻസിസിനു നേരിട്ടോ അല്ലാതെയോ ഒരു പങ്കും തോന്നുന്നില്ല... വേറേ ആരെങ്കിലും ആവും.""
''അപ്പോൾ നീ ഫ്രാൻസിസ്ന്റെ പേരു വെട്ടിയോ?""
''അതല്ലേ പ്രശ്നം...എനിക്ക് ആരേയും ഇപ്പോഴും ഒഴിവാക്കാൻ തോന്നുന്നില്ല...ഞാൻ പറഞ്ഞില്ലെ വെങ്കിച്ചേട്ടൻ വയ്യാതായ കാര്യം...അതും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു കൂടി മനസിലാവുന്നില്ല...""
കുറച്ച് നേരം അവർ ഇരുവരും ഒന്നും സംസാരിച്ചതേയില്ല.
''ഇനിയിപ്പോൾ ഞാനും ഇവിടെ ഉണ്ടല്ലോ നിന്റെ കൂടെ കുറച്ച് ദിവസം...ഞാനും കൂടാം...""
''യെസ് ഷർമി...സത്യത്തിൽ നീ വന്നത് ശരിക്കും ഒരു വലിയ റിലീഫായി...ഒരു കാര്യത്തെ കുറിച്ച് ഒരാൾ മാത്രം ചിന്തിക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരാൾ കൂടി അതിൽ കൂടുന്നത്? പ്രത്യേകിച്ചും സ്ത്രീകൾ.""
ആ പറഞ്ഞത് കോംപ്ളിമെന്റായിട്ടാണോ അല്ലയോ? ഷർമി അതു കേട്ട് സംശയ ഭാവത്തിൽ അവനെ നോക്കി.
''അതെന്താ നീ അങ്ങനെ പറഞ്ഞത്?""
''ഒരു പുരുഷൻ ചിന്തിക്കുന്നത് പോലെ ആവില്ല ഒരിക്കലും ഒരു സ്ത്രീ ചിന്തിക്കുക...എന്തും ഡിഫൻസ്സീവായിട്ടും, ഡീറ്റേയിലായിട്ടും കാണാൻ ഒരു സ്ത്രീക്കേ കഴിയൂ.""
അതു ശരിവയ്ക്കുംമട്ടിൽ അവൾ മൂളി.
സിദ്ദു ഷർമിയെ സുധിയുടെ മുറി കൊണ്ടു പോയി കാണിച്ചു. സുധിയുടെ വസ്ത്രങ്ങൾ, വായിച്ചുവച്ച പുസ്തകങ്ങൾ...
''സുധിച്ചേട്ടൻ...എഴുതുമായിരുന്നു എന്നല്ലേ പറഞ്ഞത്?""
സിദ്ദു മേശവലിപ്പ് തുറന്ന് സുധിയുടെ കൈപ്പടയിലുള്ള എഴുത്തുകൾ കാണിച്ചു കൊടുത്തു. നോട്ടു പുസ്തകങ്ങളിൽ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു.
''ഇത് മുഴുക്കെയും ചേട്ടന്റെ മനസാണ്...ഈ വാക്കുകളിലൂടെ എനിക്ക് ചേട്ടനെ അറിയാനാവും...ആരെന്നും...എന്തെന്നും...""
ഷർമി പറഞ്ഞു.
സിദ്ദൂന് അവളെന്താണ് പറയുന്നതെന്ന് മനസിലായില്ല.
''നീ വാ...ഇനി നിനക്ക് എന്റെ മുറി കാണിച്ചു തരാം.""
''എല്ലാം നല്ല അടുക്കിനും ചിട്ടയിലുമാണല്ലോ!""
മുറി കണ്ടപ്പോൾ അവൾ അഭിപ്രായപ്പെട്ടു.
''അതു പിന്നെ...നീ വരുന്നത് കൊണ്ട്...'
'അപ്പോൾ വേണമെങ്കിൽ എല്ലാം വൃത്തിയായി സൂക്ഷിക്കാനും അറിയാം അറിയാം. അല്ലേ?""
അവൾ കട്ടിലിൽ ചെന്നിരുന്നു.
''ഇതുവരെ അറിഞ്ഞതിൽ നിന്നും നിനക്ക് തോന്നിയത് എന്തൊക്കെയാണെന്ന് പറഞ്ഞേ...ഞാൻ കേൾക്കട്ടെ...നിന്റെ ഊഹങ്ങളും...ഫൈൻഡിംഗ്സും...""
അവൻ കട്ടിലിനു അരികിലേക്ക് കസേര വലിച്ചിട്ട് പറഞ്ഞു,
''വീട്ടിനുള്ളിൽ വെച്ച് സംസാരിക്കുമ്പോൾ വളരെ കെയർഫുള്ളായിരിക്കണം...അച്ഛനു ഞാൻ ഈ ചെയ്യുന്നതൊന്നും അറിയില്ല...പിന്നെ അറിയാല്ലോ...അച്ഛനിപ്പോൾ സ്ട്രെസ്
ഒന്നും എടുക്കാൻ പാടില്ല...""
''ഓക്കെ ഓക്കെ..സോറി...ഞാനതോർത്തില്ല...""
''ഏതായാലും നീ ഇപ്പോൾ വന്നതല്ലെ ഉള്ളൂ...ആദ്യം ഫുഡ് വല്ലതും കഴിക്കാം...അതു കഴിഞ്ഞ് ഒന്നു റെസ്റ്റ് എടുക്ക്...വൈകിട്ട് നമുക്കൊന്ന് പുറത്ത് പോവാം...ഇവിടെ അടുത്തൊരു പാർക്കുണ്ട്...അവിടെ വച്ച് നമുക്ക് ഇതിനെ കുറിച്ച് ഡീറ്റേയിലായിട്ട് സംസാരിക്കാം...ഓക്കെ?""
''എഗ്രീഡ്!""
അന്നു വൈകുന്നേരം പാർക്കിൽ ഇരിക്കുമ്പോൾ സിദ്ദു പറഞ്ഞതെല്ലാം കേട്ടിട്ട് ഷർമി ചോദിച്ചു,
'' ചേട്ടനോട് വിരോധമുള്ള, ശത്രുതയുള്ള ആരെങ്കിലും നിന്റെ അറിവിൽ ഉണ്ടോ?...എന്നു വച്ചാൽ...എന്തെങ്കിലും പണമിടപാടുകൾ...അസൂയയോ, വൈരാഗ്യമോ...പഴയ ചില പകയോ...വഴക്കുകളോ...അങ്ങനെ എന്തെങ്കിലും...?""
''ഇല്ല ഷർമി..ചേട്ടൻ ആ തരത്തിൽ പെട്ട ഒരാളല്ല! ഇതൊക്കെ ഞാൻ ആദ്യമേ റൂളൗട്ട് ചെയ്ത കാര്യങ്ങളാ...""
സിദ്ദു വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു.
''പിന്നെ...സ്വാഭാവികമല്ല എന്ന് സംശയം തോന്നാൻ നിനക്ക് രണ്ടു കാരണങ്ങളേ ഉള്ളൂ...ഒന്ന് ആ ഇ മെയിൽ... രണ്ട് ഒരിക്കലും സുധിച്ചേട്ടൻ അങ്ങനെ ചെയ്യില്ല എന്നുള്ള നിന്റെ ഉറച്ച വിശ്വാസം...ചിലപ്പോൾ ചില നേരങ്ങളിൽ നമ്മൾ ചെയ്യുന്നതും പറയുന്നതുമൊക്കെ പൂർണബോദ്ധ്യത്തോടെ തന്നെ ആവണമെന്നില്ല...ഒരൊഴുക്കിന് അപ്പപ്പോൾ തോന്നുന്നതാവും ചെയ്യുക. ഒന്നു മാറിയിരുന്നു സമാധാനമായി എന്തൊക്കെയാണ് ചെയ്തതെന്നും പറഞ്ഞതെന്നും സ്വയം അനലൈസ് ചെയ്യുമ്പോൾ പലപ്പോഴും...അത് അങ്ങനെ ആവാമായിരുന്നു...അല്ല...ഇങ്ങനെ ആവാമായിരുന്നു...അല്ലെങ്കിൽ ഇങ്ങനെ ആകാൻ പാടില്ലായിരുന്നു എന്നൊക്കെ തോന്നാറില്ലെ?""
''ഉം...പക്ഷേ അതും ചേട്ടന്റെ കാര്യവും തമ്മിൽ എന്താണ് ബന്ധം?""
''അസ്വാഭാവികം എന്ന വാക്ക് നിന്റെ ചേട്ടന്റെ മരണവുമായി റിലേറ്റ് ചെയ്യുമ്പോൾ എന്തൊക്കെ സാദ്ധ്യതകളാണ് നിനക്ക് ചിന്തിക്കാൻ കഴിയുന്നത്?""
''ചേട്ടൻ കാല് തെറ്റി വീണതല്ലെങ്കിൽ...പിന്നെ ചാൻസസ്...ആരെങ്കിലും തള്ളിയിട്ടതാവാം...ചിലപ്പോൾ സൂയിസൈഡ്...""
''അല്ലെങ്കിൽ?""
''വേറേ...സാദ്ധ്യതകളില്ലെന്നു തോന്നുന്നു...""
''എങ്കിൽ നീ ഈ പറഞ്ഞ സാദ്ധ്യതകളെ കുറച്ചു കൂടി വിശദമായി നോക്കണം...""
''എന്തൊക്കെയാണ്?""
''തള്ളിയിട്ടതാണെങ്കിൽ...അതിനു പിന്നിൽ ഒരാളാണോ അതോ ഒന്നിലധികം പേരാണോ അതോ ആ കൂട്ടത്തിൽ എല്ലാരും ചേർന്നാണോ...അതോ അവരറിയാതെ അവരെ പിന്തുടർന്ന ആരെങ്കിലും...അങ്ങനെയൊക്കെ ആയി കൂടെ?""
''ആകാം...""
അതും പറഞ്ഞ് സിദ്ദു അതേക്കുറിച്ച് ആലോചിച്ച് ഇരുന്നു.
''ഇനി...അടുത്ത സാദ്ധ്യതയെ കുറിച്ച്...സൂയിസൈഡ്...അതാണെങ്കിൽ അതിനും വ്യക്തമായ കാരണം ഉണ്ടാവണം...ചിലപ്പോൾ അതിന്റെ കാരണം ചേട്ടന്റെ സുഹൃത്തുക്കൾക്ക് അറിയാമായിരിക്കാം...പറയാത്തതാവാം...ചിലപ്പോൾ അവർക്കാർക്കും അറിയാത്ത എന്തെങ്കിലും കാരണവും ആവാം...""
''സൂയിസൈഡ് എന്നു ഞാൻ പറഞ്ഞെന്നേ ഉള്ളൂ...അതിനുള്ള കാരണമൊന്നും ഇതുവരെ കണ്ടില്ല...മാത്രവുമല്ല അന്നു ചേട്ടൻ വളരെ ചീർഫുൾ ആയിരുന്നു എന്നാണ് ഇതു വരെ അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത്..പോരെങ്കിൽ..""
എന്തോ ഓർത്തത് പോലെ സിദ്ദു പറഞ്ഞു,
''ഓ! നിന്നോട് പറയാൻ വിട്ടു പോയി...ഒരു കാര്യം...സുധി എന്നോട് എന്തോ ഒരു സ്പെഷ്യൽ ന്യൂസ് ഉണ്ടെന്ന് പറഞ്ഞിരുന്നു...പക്ഷേ അത് എന്തെന്ന് പറയാൻ പറ്റിയില്ല. നേരിൽ കാണുമ്പോൾ പറയാമെന്നാണ് പറഞ്ഞത്...""
''എന്നിട്ട് അതേക്കുറിച്ച് നീ ചേട്ടന്റെ ഫ്രണ്ട്സിനോട് ചോദിച്ചോ?""
''ശരിയാണല്ലോ...ഞാനതു വിട്ടു...""
''എങ്കിൽ...ഇനി അവരോട് സംസാരിക്കാൻ പോകും മുൻപ് എന്തൊക്കെ ചോദിക്കണം എന്നതിന്റെ ഒരു ചെറിയ ലിസ്റ്റ് ഉണ്ടാക്കുന്നതാവും നല്ലത്...നിനക്ക് അല്ലേലും മറവി കുറച്ച് കൂടുതലല്ലെ?""
അവൾ അവനെ നുള്ളി.
ആ പറഞ്ഞത് ശരിയാണ്...തനിക്ക് മറവി കുറച്ച്...അല്ല കുറച്ചധികം കൂടുതലാണ്...ഷർമി പറഞ്ഞതാണ് ശരി...താൻ കുറച്ചു കൂടി തയ്യാറെടുപ്പുകൾ നടത്തേണ്ടിയിരുന്നു...
''ഒരു കാര്യം കൂടി...""
''ഇനി എന്താ?""
''നീ പറഞ്ഞ സാദ്ധ്യതകൾക്കെല്ലാത്തിനും ഒരു കാരണം ഉണ്ടാവണ്ടേ?..ചേട്ടനെ ആരെങ്കിലും അപകടപ്പെടുത്തിയെങ്കിൽ അതിന്റെ പിന്നിൽ എന്താ മോട്ടീവ് എന്ന് മനസ്സിലാക്കണ്ടേ?""
''അതു വേണം...""
''എങ്കിൽ ഒരോരോ സാദ്ധ്യതകളായി നമുക്ക് എടുക്കാം...എന്നിട്ട് ഒരോന്നിനും എന്തൊക്കെ മോട്ടീവ് ആവാം എന്ന് നോക്കാം...""
സിദ്ദൂന് എല്ലാം ഒന്നിച്ചു ചിന്തിക്കാൻ പറ്റാതെ വന്നു.
''എനിക്ക് നിന്നെ പോലെ എല്ലാം ഒന്നിച്ചു ചിന്തിക്കാനോ എല്ലാം ഓർത്തു വയ്ക്കാനോ പറ്റില്ല!""
''ഇപ്പൊ മനസിലായോ പെണ്ണുങ്ങൾക്ക് എന്തൊക്കെ പറ്റുമെന്ന്?!""
അവൾ അവനെ കളിയാക്കും മട്ടിൽ നോക്കി.
''ഇനി നീ എപ്പോഴും ഒരു പോക്കറ്റ് ബുക്ക് കൂടെ കൊണ്ടു നടക്കുന്നതായിരിക്കും നല്ലത്...!""
''ശരി...സമ്മതിച്ചു!""
''എന്നാൽ മോട്ടീവുകൾ എന്തൊക്കെ ആവും എന്നു നോക്കാം...""
''ഉം""
ഷർമിള ദൂരേക്ക് നോക്കി പറഞ്ഞു തുടങ്ങി. ഉറക്കെ ചിന്തിക്കുന്നത് പോലെ...
''തള്ളിയിട്ടതാണെങ്കിൽ...എന്തെങ്കിലും വിരോധം ആവും കാരണം...ഒരാൾ മരിച്ചു പോകും എന്നു ഉറപ്പുള്ളത്ര ഉയരത്തിൽ നിന്നും തള്ളിയിടണമെങ്കിൽ...അതിനും മാത്രം വൈരാഗ്യമോ വിരോധവും ഉണ്ടാവില്ലെ?...ഇനി അത് ചെയ്തത് ഒന്നിലധികം പേരാണെങ്കിൽ...ആ രഹസ്യം സൂക്ഷിക്കാൻ കുറച്ച് പ്രയാസമായിരിക്കും...അതിൽ ഒരാളെ എങ്കിലും തിരിച്ചറിയാൻ കഴിഞ്ഞാൽ മറ്റെയാൾ ആരെന്നു അറിയാൻ കഴിയും...ഇനി എല്ലാരും കൂടി ആണെങ്കിൽ...അതിനു പിന്നിലുള്ള കാരണം വളരെ വലുതായിരിക്കും...അത്രയും വിരോധമുള്ള ഒരു ഗ്രൂപ്പിന്റെ കൂടെ ഒരാൾ അത്തരം ഒരു ലഷർ ട്രിപ്പ് പോകുമോ?..പോകാൻ ചാൻസില്ല...അപ്പോൾ നമുക്ക് ആ സാദ്ധ്യത തള്ളിക്കളയാം...അപ്പോൾ മോട്ടീവ് വ്യക്തിവിരോധം ആവും...ഇതു വരെ സംസാരിച്ചതിൽ നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ല എന്നല്ലെ പറഞ്ഞത്?...ഓ!...ഇനി വിരോധം ഉണ്ടെന്നിരിക്കട്ടെ, ആ വ്യക്തി തന്നെ സ്വയം പ്രതികാരം ചെയ്യും എന്നെങ്ങനെ ഉറപ്പിക്കാൻ പറ്റും?...ചിലപ്പോൾ അയാൾ വേറേ ആരോടെങ്കിലും അത് പറഞ്ഞിരുന്നെങ്കിലോ? സുഹൃത്തിനു വേണ്ടി ചെയ്തതാണെങ്കിലോ?...അല്ലെങ്കിൽ പണം കൊടുത്ത് ആരേയെങ്കിലും കൊണ്ട് ചെയ്യിച്ചതാണെങ്കിലോ?...ആർക്കും സംശയം തോന്നാത്ത വിധത്തിൽ അതു ചെയ്തതാവുമോ?...എങ്കിൽ ഈ യാത്രയെ കുറിച്ച് കൂടെ പോയ ഒരാൾ ആ വ്യക്തിക്ക് വിവരം കൊടുത്തിട്ടുണ്ടാവും...എന്താ അങ്ങനെയൊക്കെ ആയിക്കൂടെ?""
സിദ്ദു കണ്ണും മിഴിച്ച് ഇരുന്നു.
''നീ എന്താ ഒരു പക്കാ ഡിക്റ്റക്ടീവിനെ പോലെ സംസാരിക്കുന്നത്?!""
അതിനും അവളുടെ നെയിൽ പോളിഷ് ഇട്ടു മനോഹരമാക്കിയ നഖങ്ങൾ കൊണ്ട് ഒരു നല്ല നുള്ള് അവന് കിട്ടി.
''ഒരു കാര്യം നീ അന്വേഷിച്ചോ?...ഈ ട്രിപ്പ് പ്ലാൻ ചെയ്തിട്ട് ആരെങ്കിലും ലാസ്റ്റ് മിനിട്ട് ബാക്ക് ഔട്ട് അടിച്ചോ എന്ന്?""
സിദ്ദു കണ്ണു മിഴിച്ചു.
''ഓഹ്! ...നീ എന്റെ കൂടെ മുമ്പേ ഉണ്ടാവേണ്ടതായിരുന്നു!""
അവൾ അതു കേട്ട് ചിരിച്ചതേയുള്ളൂ.
അവർ വീട്ടിലേക്ക് തിരിച്ചു പോയി.
അച്ഛനുമൊത്ത് ഭക്ഷണം കഴിച്ചശേഷം മുറിയിലേക്ക് കയറുമ്പോൾ ഷർമിചോദിച്ചു
''നാളെ ആരെ കാണാനാണ് പ്ലാൻ?""
''വെങ്കിടേഷ്...വെങ്കിചേട്ടനെ എനിക്കറിയാം...പാവമാ...""
''പാവമായാലും അല്ലേലും എല്ലാംചോദിക്കണം...നീ എന്തൊക്കെയാ ചോദിക്കാൻ പോകുന്നത് എന്നതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കിക്കോ!""
സിദ്ദു അവൾ പറഞ്ഞത് പ്രകാരം, എല്ലാം എഴുതാൻ തീരുമാനിച്ചു. പാർക്കിൽ വച്ച് അവൾ പറഞ്ഞതും, നാളെചോദിക്കേണ്ടതും.
രാവിലെ തന്നെ സിദ്ദു വെങ്കിടേഷിനെ വിളിച്ചു. റിംഗ് ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. ആരും എടുത്തില്ല. നിരാശനായി അവൻ ഒരു മെസേജ് അയച്ചു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് മറുപടി കിട്ടിയത്.ജോലി സംബന്ധമായി മധുര വരെപോയിരിക്കുന്നു വെങ്കിടേഷ്. സിദ്ദു വിഷമത്തോടെ ചെന്നു ഷർമിയോടു കാര്യം പറഞ്ഞു.
''സാരമില്ല. എപ്പോഴും എല്ലാം പ്ലാൻ അനുസരിച്ചു നടക്കണമെന്നില്ലല്ലോ...ലിസ്റ്റിൽ അടുത്തത് ആരാണ്?""
''സിത്താര...താര എന്നാണ് എല്ലാരും വിളിക്കുന്നത്.""
വിഷാദസ്വരത്തിൽ സിദ്ദു മറുപടി പറഞ്ഞു.
''ശ്ശെ...നീ ഇങ്ങനെ അപ്സറ്റാവാതെ...നമുക്ക് താരയോട് സംസാരിക്കാം.""
''ഏയ് അപ്സറ്റല്ല...വെങ്കിച്ചേട്ടനോട് മാത്രമായി ഞാൻ ചിലചോദ്യങ്ങൾ റെഡിയാക്കി വെച്ചിരുന്നു...ചില സംശയങ്ങൾ..""
''നീ താരയെ വിളിച്ചുനോക്കൂ...ടൈം കളയണ്ട.""
ഷർമി ഇപ്പോൾ കൂടെ ഉണ്ടായത് എന്തു കൊണ്ടും നന്നായി. ഒരു സ്ത്രീയെ കാണാൻപോവുമ്പോൾ കൂടെ ഒരു സ്ത്രീ ഉണ്ടാവുന്നതാണ് നല്ലത്. ഒരുപക്ഷേ കുറച്ചു കൂടി ഓപ്പണായി സംസാരിക്കാൻ അതൊരു കാരണമാവും.
താൻ പതിവിലും ഉന്മേഷവാനായിരിക്കുന്നു എന്ന് സിദ്ദുവിനുതോന്നി. അവൻ ഫോണുമായി വീണ്ടും പോയി. കുറച്ച് കഴിഞ്ഞു തിരിച്ചു വന്നു പറഞ്ഞു,
''താര...താരച്ചേച്ചി ഭാഗ്യത്തിനു സ്ഥലത്തുണ്ട്...ഉച്ച കഴിഞ്ഞ് ഫ്രീ ആവും...ഒരു കഫേയിൽ വെച്ചു കാണാമെന്നു പറഞ്ഞു.""
''വെരി ഗുഡ്.""
ഷർമി അത്രയേ പറഞ്ഞുള്ളൂ.
പകൽ സമയം ഇടയ്ക്ക് ഷർമിള വീണ്ടും സുധിയുടെ മുറിയിൽ കയറി. ഷർമി ഷെൽഫിലെ പുസ്തകങ്ങളിൽ ചിലതെടുത്ത് നോക്കി. പിന്നീട് സുധി എഴുതിയതിലൂടെ ശ്രദ്ധാപൂർവം കണ്ണോടിച്ചു.
''നിനക്ക് മലയാളം കവിതകൾ ഇഷ്ടമാണോ?...ഇതൊക്കെ വായിച്ചാൽ മനസിലാവുമോ?""
അവൾ അതുശ്രദ്ധിക്കാതെ സുധിയെഴുതിയത് സൂക്ഷിച്ചുനോക്കുകയായിരുന്നു.
''നീ എന്താ ഇത്ര സൂക്ഷിച്ചുനോക്കുന്നത്?""
''അക്ഷരങ്ങൾ...""
അവൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
''അക്ഷരങ്ങളിൽ എന്താണുള്ളത്?""
''നീ ഗ്രാഫോളജി എന്നുകേട്ടിട്ടുണ്ടോ?""
''ഇല്ല...എന്താണത്?""
''കൈയക്ഷരങ്ങളെ കുറിച്ചുള്ള ഒരു സയൻസ് ആണ്...നീ കേട്ടിട്ടില്ലെ ഹാന്റ് റൈറ്റിംഗ് എക്സ്പേർട്സിനെ കുറിച്ച്?...അതിനെക്കുറിച്ച് കേട്ടപ്പോൾ...ഇടയ്ക്കൊരു കൗതുകത്തിന്...ഞാനൊരു പുസ്തകം വാങ്ങി...വെറുതെ പഠിക്കാൻ...""
''എന്തു പഠിക്കാൻ?""
''കാരക്ടർ...ഒരാളുടെ കാരക്ടർ എങ്ങനെ എന്നു ഏകദേശം അറിയാൻ പറ്റും അയാൾ എഴുതുന്നത് പഠിക്കുകയാണെങ്കിൽ...""
''എന്നുവച്ചാൽ?""
''എന്നുവച്ചാൽ...അയാൾ ആത്മവിശ്വാസമുള്ള വ്യക്തിയാണോ അല്ലയോ, ഉയർച്ച ആഗ്രഹിക്കുന്ന ആളാണോ...അതുപോലെ ക്രിമിനൽ മൈൻഡ് ഉള്ള ആളാണോ എന്നുപോലും...""
''ഇതൊക്കെ ശരിയായിരിക്കുമോ?"
''നൂറ് ശതമാനം ശരിയാവണം എന്നൊന്നുമില്ല...ചിലർ പല മൂഡിൽ ഇരിക്കുമ്പോൾ...പല കൈയക്ഷരത്തിൽ എഴുതുന്നത് കണ്ടിട്ടില്ലെ?...അതുപോലെ...വേണമെന്നു വെച്ചാൽ...ഇതിനെ കുറിച്ച് അറിയാവുന്ന ഒരാൾക്ക് തന്റെ ഹാൻഡ് റൈറ്റിംഗ് രീതി മാറ്റിയെഴുതി... ഇതു പഠിക്കാൻ ശ്രമിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാം...ഞാൻ ചുമ്മാ ഹോബിക്ക്...ഒരു രസത്തിനു എന്റെ ഫ്രണ്ട്സിന്റെയൊക്കെ ഹാൻഡ് റൈറ്റിംഗ് ശ്രദ്ധിക്കുമായിരുന്നു...എന്നിട്ട് ഈ പഠിച്ചതും വായിച്ചതുംകേട്ടതുമൊക്കെ ശരിയാണോ എന്നുനോക്കാറുണ്ടായിരുന്നു...""
''എന്നിട്ട് എല്ലാം ശരിയായി വന്നിട്ടുണ്ടോ?""
''മിക്കതും...എല്ലാം എപ്പോഴും എല്ലാവരുടേയും കാര്യത്തിൽ ശരിയാവണമെന്നില്ലല്ലോ...എന്തും എപ്പോഴും തെറ്റാനുള്ള സാദ്ധ്യത ഉണ്ടാവും...ആരുടെ കാര്യത്തിലായാലും...""
''ചേട്ടന്റെ കൈയക്ഷരം കണ്ടിട്ട് എന്തുതോന്നുന്നു...""
''പറയാറായിട്ടില്ല...ചില കാര്യങ്ങൾ കൂടിനോക്കാനുണ്ട്...""
അവൾ ഗൗരവത്തോടെ പറഞ്ഞു.
സിദ്ദു അവൾ പറഞ്ഞതുംകേട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. എന്നിട്ട് സംശയത്തോടെ ചോദിച്ചു,
'അപ്പോൾ നീ...എന്റെ ഹാന്റ് റൈറ്റിംഗും...നോക്കിയിട്ടുണ്ടാവും അല്ലേ
''പിന്നല്ലാതെ!""
അവൾ മുഖമുയർത്താതെ പറഞ്ഞു.
''എന്നിട്ട് എന്തു മനസിലായി?""
അവൻ ആകാംക്ഷാപൂർവം ചോദിച്ചു.
അവൾ മുഖമുയർത്തി അവനെനോക്കി. കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു,
''ദാറ്റ്സ് സീക്രട്ട്!""
(തുടരും)