തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകരെ കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും. ഇതോടെ കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന ലഭിക്കും. മാദ്ധ്യമപ്രവര്‍ത്തരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ കൊവിഡ് പ്രതിരോധത്തില്‍ നില്‍ക്കുന്ന മറ്റ് ചില വിഭാഗങ്ങളും മുന്നണി പോരാളികളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് വിവരം.
ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും വിവരമുണ്ട്. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് മരണമടഞ്ഞിരുന്നു. ഇതിനുശേഷം മാദ്ധ്യമപ്രവർത്തകരെ മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുളളവർ രംഗത്തെത്തിയിരുന്നു.