ന്യൂഡൽഹി: കൊവിഡ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം യുവ ഡോക്‌ടർക്ക് അന്ത്യം സംഭവിച്ചു. ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്‌ടറായ അനസ് മുജാഹിദ്(26) ആണ് കൊവിഡ് രോഗത്തിന് കീഴടങ്ങിയത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയാണ് ജി.ടി.ബി ആശുപത്രി. ഇവിടെ ഒബി-ജിൻ വാർഡിൽ ശനിയാഴ്‌ച ഉച്ചവരെ അനസ് ജോലി നോക്കിയിരുന്നു.
ഇതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനസ് അന്നുതന്നെ കൊവിഡ് പരിശോധന നടത്തി. ഇതിന്റെ ഫലം പോസിറ്റീവാണെന്ന് ഞായറാഴ്‌ച വന്നതിന് പിന്നാലെ കൊവിഡിനെ തുടർന്ന് മസ്‌തിഷ്‌കത്തിലുണ്ടായ രക്തസ്രാവം മൂർച്ഛിച്ച് പുലർച്ചെ മൂന്ന് മണിയോടെ അനസ് മരണമടഞ്ഞു.
ഡോക്‌ടർക്ക് മറ്റ് അസുഖങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു. ശനിയാഴ്‌ച വീട്ടിലേക്ക് സുഹൃത്തുമൊത്ത് പോയ അനസിന് പനി അനുഭവപ്പെട്ടതോടെയാണ് കൊവിഡ് പരിശോധന നടത്തിയത്. വൈകാതെ കുഴഞ്ഞുവീണ ഡോക്‌ടർക്ക് സി.ടി സ്‌കാൻ നടത്തിയപ്പോൾ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ഡോ.അനസ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.