alozhinja-veedu

 മകൻ മരിച്ചതറിയാതെ മാതാവ്

കല്ലമ്പലം: 20ലധികം പേരടങ്ങുന്ന സംഘം ജോഷിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പെരുംകുളം മിഷൻ കോളനിയിലെ നാട്ടുകാർ. ഇന്നലെ രാവിലെ 9ഓടെ രണ്ടുതവണ പടക്കംപൊട്ടുന്ന ശബ്ദം കേട്ടത് എന്തിനാണെന്ന് നാട്ടുകാർ ചിന്തിച്ചിരിക്കുമ്പോഴാണ് ജോഷിയുടെ കൊലപാതക വാർത്തയെത്തിയത്.

അക്രമിസംഘം വളഞ്ഞപ്പോൾ രക്ഷപ്പെടാനായി ജോഷി അവർക്കുനേരെ പടക്കം എറിഞ്ഞതായിരുന്നു കേട്ട ശബ്ദം. അക്രമി സംഘത്തിന്റെ വെട്ടേറ്റ് വീണ ജോഷിയുടെ കൈയിലിരുന്ന് പടക്കം പൊട്ടി കൈപ്പത്തിയും തകർന്നു.

കഞ്ചാവ് ലോബികളുടെ കുടിപ്പകയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്.

മോഷണ കേസുകളിൽപ്പെട്ട ജോഷിയെ നേർവഴിക്ക് നയിക്കാൻ ആരും ശ്രമിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സ്‌നേഹത്തോടെയാണ് ജോഷി ഇടപെട്ടിരുന്നതെന്നും ഇവർ പറയുന്നു.

മോഷണക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വച്ചുണ്ടായ സൗഹൃദ വലയമാണ് ജോഷി കൂടുതൽ കുറ്റകൃത്യങ്ങളിൽപ്പെടാൻ കാരണമായത്. തുരുതുരാ വെട്ടി മരണം ഉറപ്പുവരുത്തിയശേഷമാണ് അക്രമിസംഘം മടങ്ങിയത്. വാർത്തയറിഞ്ഞ് പൊലീസ് വാഹനങ്ങൾ കോളനിയിലേക്ക് ചീറിപ്പാഞ്ഞതോടെ ജനങ്ങൾ ഭീതിയിലായി. ലോക്ക്ഡൗണായാതിനാൽ ആരും പുറത്തിറങ്ങാതെ അകത്തുതന്നെയിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് വൈകിയാണ് കോളനിയിലുള്ളവർക്ക് മനസിലായത്.

വീടിനോട് ചേർന്ന് പച്ചക്കറി,​ പലചരക്ക് കച്ചവടം നടത്തുന്ന പ്രാഞ്ചി എന്ന ഫ്രാൻസിസിന്റെ മൂത്ത മകനാണ് ജോഷി. മകൻ ആശുപത്രിയിലാണെന്ന് മാത്രമേ മാതാവ് ഡാളിയോട് പറഞ്ഞിട്ടുള്ളൂ. സംഭവ സമയം മുതൽ മകനെയും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ആ വൃദ്ധ മാതാവ്.

ആൾതാമസമില്ലാത്ത

വീട്ടിൽ ഒത്തുച്ചേരൽ

ജോഷിയുടെ വീടിന് സമീപത്തായുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു ജോഷിയും സുഹൃത്തുക്കളും പലപ്പോഴും ഒത്തുകൂടിയിരുന്നത്. മുൻവശം അടച്ചിട്ടിരിക്കുന്ന വീടിന്റെ പിറകുവശത്തെ വാതിലുകൾ പൊളിഞ്ഞുകിടക്കുകയാണ്. ഈ വീട്ടിൽ ജോഷിയെയും മറ്റ് പലരെയും കാണാറുണ്ടായിരുന്നെന്ന് നാട്ടുപാർ പറയുന്നു. ഇവിടെവച്ച് കഞ്ചാവ് വില്പന നടത്തിയിരുന്നെന്നും സംശയിക്കുന്നു.

മണമ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മണമ്പൂരിൽ യുവാവിനെ വെട്ടിക്കൊന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. മണമ്പൂർ സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ റിനിമണി, ഗിരീഷ് എന്നിവരാണ് പിടിയിലായത്.

മണമ്പൂർ പെരുങ്കുളം മെഷീൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷിയെയാണ് (38) വെട്ടിക്കൊന്നത്. ഞായറാഴ്ച രാവിലെ പത്തോടെ കവലയൂർ പനയ്‌ക്കോട്ടുകോണത്താണ്‌ സംഭവം. പാറയിൽകടവിന് സമീപം ജോഷിയുടെ വീട്ടിലേക്ക്‌ പോകുന്ന വഴിയിലാണ്‌ ജോഷിയെ വെട്ടിയത്‌. എട്ടംഗ സംഘം ആയുധങ്ങളുമായി പതിയിരുന്ന്‌ ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലുൾപ്പെട്ടവരാണ് പിടിയിലായ റിനിമണിയും ഗിരീഷുമെന്നാണ് വിവരം.

ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട ഗിരീഷിന്റെ പൂർവ്വകാല സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു. ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ജോഷിയുമായി ഏറെക്കാലം മുമ്പുണ്ടായ അഭിപ്രായവ്യത്യാസവും തുടർന്നുണ്ടായ കുടിപ്പകയുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കൊലയാളി സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

കഞ്ചാവ് കച്ചവടത്തിലെ കുടിപ്പകയാണ് കൊലപാതകം ആസൂത്രണം ചെയ്തതിന് പിന്നിലെന്ന്‌ പൊലീസ് പറഞ്ഞു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത എട്ടുപേരുൾപ്പെടെ സംഭവത്തിൽ ഇരുപതോളം പ്രതികളുണ്ടെന്നാണ് സൂചന. വിരലടയാള വിദഗ്‌ദ്ധരുൾപ്പെടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ജോഷിയുടെ കൈയ്ക്കും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിലേറ്റ ഗുരുതര പരിക്കാണ് മരണത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. ജോഷിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

റൂറൽ എസ്‌.പി പി.കെ. മധുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്‌.പി ഹരി, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി .ശ്രീകാന്ത്, വർക്കല സി.ഐ ബാബുക്കുട്ടൻ, കടയ്ക്കാവൂർ സി.ഐ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.