മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ആട്ടായത്ത് ഞായറാഴ്ച ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് മഠത്തിക്കുന്നേൽ എം.എം ജിജോ (42) മരിച്ചു. ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി. പരിക്കേറ്റ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേൽ എം.എം. ജോജോ (36), എം.എം. ജിജി (39), പാപ്പനേത്ത് നിതീഷ് കുമാർ (29), തെരുവംകുന്നേൽ ജോബി (40), വാഴക്കാലയിൽ രാജു (52) എന്നിവർ ചികിത്സയിൽ തുടരുകയാണ്. തടിപ്പണിക്കാരായ ഇവർ പണികഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ശക്തമായ ഇടിയും മഴയും എത്തിയതിനെ തുടർന്ന് റബർ തോട്ടത്തിലെ ഷെഡിൽ കയറിനിന്നപ്പോഴാണ് മിന്നലേറ്റത്. ആട്ടായം തച്ചനോടിയിൽ ടി.എ. മനൂബ് അന്നു തന്നെ മരിച്ചിരുന്നു. പ്രതിഭയാണ് ജിജോയുടെ ഭാര്യ. മക്കൾ: നെവിൻ, നെൽവിൻ.