dead-bodies-in-ganga

പാട്ന: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബീഹാറിൽ 150ഓളം മൃതദേഹങ്ങൾ ഗംഗാനദിയിലൂടെ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടേതാകാം ഇവയെന്നാണ് സംശയം. മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. യു.പി - ബീഹാർ അതിർത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയത്.

പുലർച്ചെ നദിയിൽ മൃതദേഹങ്ങൾ കണ്ട പ്രദേശവാസികൾ പരിഭ്രാന്തരായി. ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങൾ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കൾക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ നദിയിൽ എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. നദിക്കരയിലെത്തിയ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുകീറുന്നുണ്ട്. അഞ്ച് മുതൽ ഏഴ് ദിവസങ്ങളായി നദിയിൽ ഒഴുകുന്ന മൃതദേഹങ്ങളാണ് ഇവയെന്നാണ് സൂചന.

ഞായറാഴ്ച യു.പിയിലെ ഹാമിർപുർ ജില്ലയിൽ കരയിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ യമുന നദിയുടെ കരയിലടിഞ്ഞിരുന്നു. തൊട്ടടു​ത്ത ഗ്രാമവാസികൾ കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ​മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണെന്നും

പ്രാദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നതാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.